ഓയൂർ: മുട്ടറ ഇക്കോ ടൂറിസം പദ്ധതിയായ മരുതിമലയിൽ കഞ്ചാവ് ലോബികൾ പിടിമുറക്കിയിട്ടും പൊലീസും എക്സൈസും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മലമുകളിൽ ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഇവരിൽ അധികവും സ്കൂൾ, കോളജ് വിദ്യാർഥികളാണ്. ഇവരെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ലോബികൾ കച്ചവടം നടത്തുന്നത്.
കൊട്ടാരക്കര, ആയൂർ ഭാഗത്ത് നിന്നാണ് കഞ്ചാവ് ഇവിടെ എത്തുന്നത്. 36 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന മരുതിമലയുടെ മുകൾ ഭാഗത്തെ ഉണങ്ങിയ പുല്ലുകൾക്കിടയിലാണ് വിദ്യാർഥികളും മുതിർന്നവരും കഞ്ചാവ് ഉപയോഗിക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വളർന്ന് പന്തലിച്ച പുല്ലുകൾക്കിടയിൽ കഞ്ചാവ് വിൽപന തകൃതിയായിട്ടാണ് നടക്കുന്നത്.
വിനോദ സഞ്ചാരത്തിന് കുടുംബമായിട്ട് വരുന്നവർക്കുനേരെ യുവാക്കൾ കഞ്ചാവ് ഉപയോഗിച്ച് അക്രമം കാട്ടുന്നത് സ്ഥിരം സംഭവമാണെന്നും പരാതിയുണ്ട്. കൽപ്പടവുകൾ കയറിയാണ് മരുതിമലയുടെ മുകളിൽ എത്തുന്നത്. ലഹരി ഉപയോഗിക്കുന്നവർക്ക് പലപ്പോഴും കൽപ്പടവുകൾ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പലരും രാത്രി മലയിൽ കിടന്നുറങ്ങി ലഹരിയുടെ കെട്ട് വിട്ട
ശേഷം രാവിലെയാണ് മലയിറങ്ങുന്നത്. ഒരു വർഷം മുമ്പ് മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും മലയിറങ്ങാൻ കഴിയാതെ വന്ന സ്ത്രീകളെ കൊട്ടാരക്കര പൊലീസ് പിടികൂടിയിരുന്നു. അന്ന് വിനോദ സഞ്ചാരികൾ പ്രദേശത്തെ നാട്ടുകാർക്ക് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്.
ഇപ്പോൾ മരുതിമലയുടെ മുകളിൽ കഞ്ചാവ് ലോബികൾ പിടിമുറുക്കിയിട്ടും പൂയപ്പള്ളി പൊലീസോ എഴുകോൺ എക്സൈസ് ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വാഹനങ്ങൾക്ക് മലമുകളിൽ കയറാൻ റോഡ് ഉണ്ടെങ്കിലും സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കൂടി കടന്നുപോകേണ്ടി വരുന്നതിനാൽ ഈ വഴി അടച്ചിരിക്കുകയാണ്. നിരവധി സന്ദർശകർ മലമുകളിൽ എത്തുന്ന സാഹചര്യത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് തുടങ്ങണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇതുവരെയും യാഥാർഥ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.