ഇരവിപുരം: മാർക്കറ്റ് പൊളിച്ചുനീക്കിയതിനെ തുടർന്ന് പെരുവഴിയിലായ കച്ചവടക്കാർ റോഡിൽ കച്ചവടം തുടങ്ങിയതോടെ പള്ളിമുക്ക് അയത്തിൽ റോഡിൽ മാർക്കറ്റിന് സമീപം ഗതാഗതക്കുരുക്ക് പതിവായി. ബദൽ സംവിധാനം ഒരുക്കാതെ കൊല്ലൂർവിള പള്ളിമുക്കിലെ മാർക്കറ്റ് പുതിയ മാർക്കറ്റ് സമുച്ചയനിർമാണത്തിനായി കോർപറേഷൻ പൊളിച്ചുമാറ്റിയതോടെയാണ് കച്ചവടക്കാർ വഴിയാധാരമായത്.
കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിട്ടും കച്ചവടക്കാർ മാർക്കറ്റിന്റെ ഒരുഭാഗത്ത് ഒരു തടസ്സവുമില്ലാതെ കച്ചവടം നടത്തിവരുകയായിരുന്നു. കഴിഞ്ഞദിവസം കെട്ടിടം പൊളിച്ചുനീക്കിയ ഭാഗത്ത് റോഡിനോട് ചേർന്ന് ഉയരത്തിൽ കെട്ടിമറച്ചതോടെ കച്ചവടത്തിന് ഇടമില്ലാതായി. തുടർന്ന് റോഡിന്റെ ഒരുവശത്ത് മത്സ്യകച്ചവടം തുടങ്ങുകയായിരുന്നു. മറുവശത്ത് വില്ലേജ് ഓഫിസിന് സമീപം തട്ടുകടകളുംകൂടി സജീവമായതോടെ റോഡ് ആകെ ഇടുങ്ങിയ അവസ്ഥയിലായി.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ അടുത്തുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലേക്കും വില്ലേജ് ഓഫിസിലേക്കും പോകുന്നതിന് വലിയ പ്രയാസമാണ്. കൂടാതെ വില്ലേജ് ഓഫിസിന് മുന്നിലിരുന്ന് അപേക്ഷ എഴുതി ഉപജീവനമാർഗം നടത്തിവന്നിരുന്നവരുടെ ജീവിതവും വഴിമുട്ടി. മത്സ്യവും പച്ചക്കറികളും വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ കൂടി റോഡരികിൽ വെക്കാൻ തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി.
കാൽനട പോലും ദുഃസ്സഹമായ നിലയിലാണ്. അപകടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് കച്ചവടക്കാർക്ക് ആവശ്യമായ സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മാർക്കറ്റ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ കച്ചവടം ചെയ്യുന്നതിന് സൗകര്യപ്രദമായ ഒരു സ്ഥലത്ത് സൗകര്യമൊരുക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.