കുളത്തൂപ്പുഴ: നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് വില്പന നടത്തിയെന്നാരോപിച്ച് വ്യാപാരിക്ക് മര്‍ദനം. കുളത്തൂപ്പുഴ ചന്തയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
പൊതുമാര്‍ക്കറ്റിന് പുറത്ത് വാഹനത്തില്‍ ഉണക്കമീന്‍ എത്തിച്ച് വിൽപന നടത്തിവന്നിരുന്ന അലയമണ്‍ കരുകോണ്‍ പാറവിള പുത്തന്‍ വീട്ടില്‍ നൗഷാദിനെയാണ് സമീപത്തെ വ്യാപാരിയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു കൈയേറ്റം ചെയ്തത്.
സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ അറിയിച്ചതോടെയാണ് കൈയേറ്റം അവസാനിപ്പിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് സംഭവത്തില്‍ ഉള്‍പ്പെട്ട വ്യാപാരിയെയും സഹായികളെയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ സമീപത്തെ വ്യാപാരികള്‍ സംഘടിച്ച് രംഗത്തുവന്നത് ഏറെനേരം വാക്കുതര്‍ക്കത്തിനിടയാക്കി. സംഭവത്തില്‍ നെല്ലിമൂട് തലച്ചിറ മന്‍സിലില്‍ നുജുമുദ്ദീന്‍, മകന് സമീര്‍ഷാ, സഹായി രജനികാന്ത്, ഓട്ടോ ഡ്രൈവര്‍ റെജി എന്നിവര്‍ക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.
കുളത്തൂപ്പുഴ പഞ്ചായത്ത് പൊതുമാര്‍ക്കറ്റിനുള്ളില്‍ സ്റ്റാളുകള്‍ക്ക് ഉയര്‍ന്ന വാടക നല്‍കേണ്ടി വരുന്നതിനാല്‍ സാധനങ്ങള്‍ക്ക് വില കുറക്കാന്‍ വ്യാപാരികള്‍ തയാറാകാറില്ലെന്നും എന്നാല്‍, തമിഴ്നാട്ടില്‍നിന്നും മറ്റും എത്തുന്ന പുറംകച്ചവടക്കാര്ക്ക് വാടകയില്ലാത്തതിനാല് കുറഞ്ഞ നിരക്കിലാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നതെന്നും ഇതാണ് പലപ്പോഴും കുളത്തൂപ്പുഴയിലെ വ്യാപാരികളെ ചൊടിപ്പിക്കുന്നതും നിരന്തരം വാക്കേറ്റത്തിനും കൈയാങ്കളിക്കും ഇടയാക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.