കൊല്ലം: ഇരുൾ വീഴാത്ത വായനലോകത്ത് പുസ്തകങ്ങൾ വായിച്ചുകേൾക്കാൻ കാഴ്ചപരിമിതർക്കായി ശബ്ദംകൊണ്ട് വായനയെ അനുഭവവേദ്യമാക്കുകയാണ് വജ്ഞാനദീപം ഓഡിയോ ലൈബ്രറി എന്ന കൂട്ടായ്മ. സംസ്ഥാനത്തെ മൂന്നുലക്ഷത്തോളം വരുന്ന കാഴ്ചപരിമിതർക്ക് വായനയിലൂടെ വിജ്ഞാനസമ്പാദനത്തിനുള്ള വാതായനങ്ങൾ തുറന്നിടുകയാണ് നാനൂറോളം സന്നദ്ധസേവകരുള്ള ഈ വായന കൂട്ടായ്മ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പുസ്തകങ്ങൾ വായിച്ച് ഓഡിയോ നോട്ടുകളായാണ് കാഴ്ചപരിമിതർക്കായി അയച്ചുനൽകുന്നത്. വിജ്ഞാനദീപം ഇംഗ്ലീഷ് ലൈബ്രറി, മലയാളം ലൈബ്രറി, പള്ളിക്കൂടം ലൈബ്രറി, ടീച്ചേഴ്സ് ലൈബ്രറി എന്നിങ്ങനെ നിരവധി ടെലഗ്രാം ചാനലുകൾ വഴിയാണ് ഇവയെല്ലാം കാഴ്ചപരിമിതരിലേക്ക് എത്തുന്നത്.
മലയാളത്തിൽ ഇതുവരെ നാലായിരത്തിലധികം പുസ്തകങ്ങളും ഇംഗ്ലീഷിൽ 1500 ലേറെ പുസ്തകങ്ങളും ഓഡിയോ ലൈബ്രറിയിൽ ലഭിക്കും. കൂടാതെ കാഴ്ചപരിമിതരായ അധ്യാപകർക്കായി ടീച്ചിങ് നോട്ടുകൾ, സ്റ്റഡി മെറ്റീരിയലുകൾ, പ്രോജക്ടുകൾ, സ്കൂൾ വിദ്യാർഥികൾക്കായി ഒന്നാം ക്ലാസ് മുതലുള്ള പുസ്തങ്ങൾ എന്നിവയുടെ ശേഖരവും ലഭ്യമാണ്.
എല്ലാ ദിവസവും രാവിലെ അഞ്ചിനുമുമ്പ് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പത്രങ്ങൾ വായിച്ച് ഓഡിയോ രൂപത്തിലാക്കി വിജ്ഞാനദീപം ന്യൂസ് റൂം ചാനലിൽ പോസ്റ്റ്ചെയ്യുന്നതും പതിവാണ്.
ഇതിനുപുറമേ കരിയർ ഗൈഡൻസ്, ഇംഗ്ലീഷ് ലേണിങ്, ടെക് വിഷൻ എന്നീ ചാനലുകളും കൂട്ടായ്മക്കുണ്ട്. സമൂഹമാധ്യമങ്ങളായ ടെലഗ്രാം, വാട്സ്ആപ് എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കാഴ്ചപരിമിതരുടെ സമസ്തമേഖലയിലുമുള്ള വികസനം ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിവരുകയാണിവർ.
വേൾഡ് ഓഫ് ലൈറ്റ് എന്ന പേരിൽ ഏഴുപേരെ ഉൾപ്പെടുത്തി കാസർകോട് സ്വദേശി റൗഫ് മാണിക്കോത്ത് വാട്സ്ആപ്പിൽ തുടങ്ങിയ ഗ്രൂപ്പിൽ ആദ്യം ചെറുകഥകളും ലേഖനങ്ങളും ശബ്ദരൂപത്തിലാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, വാട്സ്ആപ്പിലെ പരിമിതികളാൽ വലിയ പുസ്തകങ്ങൾ പൂർണരൂപത്തിൽ അയക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ടെലഗ്രാമിലൂടെ ഈ ചെറിയ ഓഡിയോ ക്ലിപ്പുകൾ ഒരുമിച്ചുചേർത്ത് പൂർണതയുള്ള ഓഡിയോ ബുക്കായി ലൈബ്രറി രൂപവത്കരിക്കുകയായിരുന്നു. നിലവിൽ കേരളത്തിലെ കാഴ്ചപരിമിതരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഓഡിയോ/ടോക്കിങ് ബുക്ക് ലൈബ്രറിയാണ് വിജ്ഞാനദീപം.
ഇന്ത്യൻ കോപ്പിറൈറ്റ് ആക്ട്, 2012ൽ ഭേദഗതി ചെയ്തതുപ്രകാരം എല്ലാവിധ പുസ്തകങ്ങളും പ്രസാധകരുടെയോ എഴുത്തുകാരുടെയോ അനുവാദം കൂടാതെ സൗജന്യമായി, നിയമതടസ്സമില്ലാതെ കാഴ്ചപരിമിതർക്കായി റെക്കോഡ് ചെയ്യാം എന്ന വ്യവസ്ഥയിലാണ് കൂട്ടായ്മയുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.