കുളത്തൂപ്പുഴ: തിരുവനന്തപുരം - ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ മണ്‍തിട്ടയില്‍ നിന്ന് പാതക്കു കുറുകെ ചാടിയ കാട്ടുപോത്ത് കാറിനു മുകളിലേക്ക് പതിച്ചു.
യാത്രികര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കുളത്തൂപ്പുഴ കൂവക്കാടിനു സമീപമായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്ന് കൊല്ലം പരവൂരിലേക്ക് പോവുകയായിരുന്ന മധുര സ്വദേശിയായ ജയപാലനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന് വക റബ്ബർ തോട്ടത്തിലെ മണ്‍തിട്ടയില്‍ നിന്നും താഴേക്ക് ചാടിയ കാട്ടുപോത്ത് കാറിന്റെ ബോണറ്റിനു മുകളിലേക്കാണ് പതിച്ചത്. കാറിന്റെ ബോണറ്റും അനുബന്ധ ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
പ്രദേശത്ത് കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും ശല്യം ദിനം പ്രതി വർധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുളത്തൂപ്പുഴ ടൗണിലെ കളിക്കളത്തില്‍ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേല്‍പ്പിച്ച യൂവാക്കളിലൊരാള് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
കാടിറങ്ങിയെത്തുന്ന കാട്ടുപോത്തുകള്‍ ജനവാസ മേഖലയില്‍ മേയാനെത്തുന്നതിനാല് രാത്രി വീടിനു പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതി വിശേഷമാണെന്ന് കുളത്തൂപ്പുഴ അയ്യംപിള്ള വളവ് നിവാസികള്‍ പറയുന്നു. കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയിലെത്തുന്നതു തടയുന്നതിനായി ഹാങിംങ് സൗരോര്‍ജ്ജ വേലിയടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കാന്‍ അധികൃതര്‍ ശുഷ്കാന്തി കാട്ടാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.