കോട്ടയം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്കിടെ കോട്ടയത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ഒരുക്കിയത് നഗരം ഇതുവരെ കാണാത്ത തരത്തിലുള്ള സുരക്ഷക്രമീകരണങ്ങൾ. കോട്ടയത്തെ ഏറ്റവും തിരക്കേറിയ കെ.കെ റോഡിന്‍റെ ഒരുഭാഗം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് രണ്ടര മണിക്കൂറോളം അടച്ചു. മുന്നറിയിപ്പൊന്നും ഇല്ലാതെ റോഡ് അടച്ചത് യാത്രക്കാരെ വലച്ചു. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരെയടക്കം തടഞ്ഞ പൊലീസ്, കറുത്ത മാസ്‌ക് ധരിച്ചവരെ ഹാളിനുള്ളിലേക്ക് കടത്തിവിട്ടില്ല. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി. ശനിയാഴ്ച രാവിലെ 10.30നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും ഇതിനും ഒന്നേകാൽ മണിക്കൂർ മുമ്പ് ഗതാഗത നിയന്ത്രണം ആരംഭിച്ചു. ബസേലിയോസ് കോളജ് ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ, ചന്തക്കവല, ഈരയിൽക്കടവ് തുടങ്ങി സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹന ഗതാഗതം പൂർണമായും തടഞ്ഞു. ഇതോടെ രോഗികൾക്ക് ദുരിതമായി ജനറൽ ആശുപത്രിക്ക് മുന്നിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചു. ദൂരെ സ്ഥലങ്ങളിൽ ബസിറങ്ങി നടന്നാണ് പലരോഗികളും ആശുപത്രിയിലേക്ക് എത്തിയത്. ചിലയിടങ്ങളിൽ യാത്രക്കാരും പൊലീസും തമ്മിൽ തർക്കവുമുണ്ടായി. കാൽനടയായി മാത്രമായിരുന്നു സമ്മേളന വേദിയായ മാമ്മൻമാപ്പിള ഹാളിന് മുന്നിൽക്കൂടി യാത്രക്കാരെ കടത്തിവിട്ടത്. കനത്ത സുരക്ഷ ഒരുക്കിയെങ്കിലും മുഖ്യമന്ത്രിക്കുനേരെ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി. മണിപ്പുഴയിൽ വെച്ചാണ് യുവമോർച്ച കരിങ്കൊടി കാട്ടിയത്. സമ്മേളനത്തിനു ശേഷം മടങ്ങുന്നതിനിടെ നാഗമ്പടത്ത് യൂത്ത് കോൺഗ്രസും കരിങ്കൊടി കാട്ടി. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിഷ്കർഷിച്ചിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസറ്റ് ഹൗസിലും വൻ സുരക്ഷയാണ് ഒരുക്കിയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ നാട്ടകം ഗസറ്റ് ഹൗസിലേക്ക് മുഖ്യമന്ത്രി എത്തിയ ശേഷം സന്ദർശകർക്ക് ഇവിടേക്കുള്ള പ്രവേശനം വിലക്കി. മന്ത്രി വി.എൻ. വാസവൻ, കോട്ടയം ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു പ്രവേശനം. മുഖ്യമന്ത്രി സമ്മേളന വേദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെല്ലാം പൊലീസ് ഇടപെട്ട് മാറ്റി. മാമോദീസ ചടങ്ങിനുശേഷം കൈക്കുഞ്ഞുമായി വീട്ടിലേക്ക് എത്തിയവരെയടക്കം ഏറെനേരം തടഞ്ഞുനിർത്തി. റോഡിനിരുവശവും വൻതോതിൽ പൊലീസിനെയും നിയോഗിച്ചിരുന്നു. 11.30ന് മുഖ്യമന്ത്രി മടങ്ങിയതോടെയാണ് അസാധാരണ നിയന്ത്രണങ്ങൾക്ക് അറുതിയായത്. --പടം DP-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.