കോട്ടയം: ഇരുട്ടുനിറഞ്ഞ ജീവിതത്തിൽ വെളിച്ചത്തിൻെറ പൊൻതരിയുമായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ ദമ്പതികൾ. നന്മയുടെ ൈകത്താങ്ങില്ലാതെ ഒരുദിവസം പോലും മുന്നോട്ടുനീങ്ങാനാവില്ല ഇവർക്ക്. കറുകച്ചാൽ ചമ്പക്കര കുന്നേൽ വീട്ടിൽ ബാലനും (57), ഭാര്യ രാധയുമാണ് (51) ഈ നിസ്സഹായർ. മരത്തിൽനിന്ന് വീണ് പരിക്കേറ്റ ബാലനും കാഴ്ചയില്ലാത്ത രാധക്കും ജോലിക്ക് പോകാനാവില്ല. നാട്ടുകാരുടെ സഹായംകൊണ്ടാണ് കഴിഞ്ഞുകൂടുന്നത്. ഇതിനിടെയാണ് ഇടിത്തീപോലെ ബാങ്കിൽനിന്നുള്ള ജപ്തിനോട്ടീസ്. മൂന്നുവർഷം മുമ്പാണ് ബാലൻ ജോലിക്കിടെ മരത്തിൽനിന്ന് വീണത്. നിരവധി ചികിത്സ ചെയ്തു. രണ്ടുകാലിലും കമ്പിയിട്ടിട്ടുണ്ട്. വീടിനുപുറത്ത് ജോലിക്ക് പോകാൻ ശാരീരികാവശതകൾ അനുവദിക്കുന്നില്ല. രാധക്ക് ജന്മന കാഴ്ചക്കുറവായിരുന്നെങ്കിലും ലോട്ടറിക്കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്നു. മൂന്നുവർഷം മുമ്പ് പ്രമേഹം അധികരിച്ചതോടെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. ഇതോടെ ലോട്ടറിക്കച്ചവടം നിലച്ചു. വീട് പട്ടിണിയിലുമായി. ആറുവർഷം മുമ്പാണ് സ്ഥലവും വീടും പണയപ്പെടുത്തി മകളുടെ വിവാഹത്തിന് ചമ്പക്കര സർവിസ് സഹകരണ ബാങ്കിൽനിന്ന് 60,000 രൂപ വായ്പയെടുത്തത്. ഒരുതവണപോലും തിരിച്ചടക്കാനായില്ല. ഇേപ്പാൾ പലിശസഹിതം 90,000 രൂപ നൽകണം. ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. ബിൽ അടക്കാത്തതിനെതുടർന്ന് കഴിഞ്ഞയാഴ്ച വീട്ടിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചു. നാലുമക്കളാണിവർക്ക്. രണ്ടുപെൺമക്കളെ വിവാഹം കഴിപ്പിച്ചെങ്കിലും കൂലിപ്പണി ചെയ്തുകഴിയുന്ന അവർക്ക് തങ്ങളെ സഹായിക്കാവുന്ന സാമ്പത്തിക സ്ഥിതിയില്ലെന്ന് രാധ പറയുന്നു. 17ഉം 15ഉം വയസ്സുള്ള രണ്ട് ആൺമക്കൾ മാങ്ങാനത്തെ ശാന്തിഭവനിൽനിന്നാണ് പഠിക്കുന്നത്. രാധക്ക് കണ്ണുകാണാത്തതിനാൽ വീട്ടുജോലികൾ ചെയ്യുന്നത് വയ്യാത്ത ബാലൻ തന്നെയാണ്. പഞ്ചായത്ത് അംഗം ബിജുകുമാറും നാട്ടുകാരുമാണ് ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്തുനൽകുന്നത്. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ് വായ്പയുടെ പലിശ ഒഴിവാക്കിനൽകാമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചതായി ബിജുകുമാർ പറഞ്ഞു. എന്നാൽ, ജോലിയോ വരുമാനമോ ഇല്ലാത്ത ഇവർക്ക് ബാക്കി തുകപോലും കണ്ടെത്താനാവാത്ത സ്ഥിതിയാണ്. അഞ്ചുസൻെറ് സ്ഥലവും പണിതീരാത്ത വീടും മാത്രമാണ് ഇവരുടെ സമ്പാദ്യം. അതുകൂടി നഷ്ടപ്പെട്ടാൽ എങ്ങോട്ടുപോവുമെന്നും ഇവർക്കറിയില്ല. സഹായം നൽകാൻ താൽപര്യമുള്ളവർക്ക് ഇവരെ ബന്ധപ്പെടാം. ഫോൺ: 75102 51219. പടം: KTG BALAN RADHA- ബാലനും രാധയും വീട്ടുമുറ്റത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.