കെ. സുധാകരനെതിരെ ഭീഷണിപ്രസംഗവുമായി സി.പി.എം ജില്ല സെക്രട്ടറി

തൊടുപുഴ: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെതിരെ ഭീഷണിയും പ്രകോപനവും നിറഞ്ഞ പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സി.വി. വർഗീസ്​. വർഗീസിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്​ നേതൃത്വം രംഗത്തെത്തി. കോൺഗ്രസ്​ കൊലപാതക രാഷ്ട്രീയത്തിനും സ്ത്രീവിരുദ്ധതക്കുമെതിരെ സി.പി.എം ഇടുക്കി ഏരിയ കമ്മിറ്റി ചൊവ്വാഴ്ച ചെറുതോണിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ്​ സുധാകരനെതിരെ വർഗീസിന്‍റെ വിവാദ പരാമർശങ്ങൾ. ''സി.പി.എം എന്ന പാർട്ടിയുടെ കരുതലിനെ സംബന്ധിച്ച്​ സുധാകരന്​ ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തിയെന്നാണ്. ഇടുക്കിയിലെ കോൺഗ്രസുകാർ കരുതിക്കോ, സുധാകരൻ എന്ന ഭിക്ഷാംദേഹിക്ക്​ സി.പി.എം കൊടുത്ത ദാനമാണ്​, ഭിക്ഷയാണ്​ സുധാകരന്‍റെ ജീവൻ എന്ന കാര്യത്തിൽ തർക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാൻ ഞങ്ങൾക്ക്​ താൽപര്യമില്ലാത്തതുകൊണ്ടാണ്​...'' എന്നായിരുന്നു വർഗീസിന്‍റെ വാക്കുകൾ. മുൻമന്ത്രി എം.എം. മണിയടക്കം പരിപാടിയിൽ പ​ങ്കെടുത്തിരുന്നു. വിവാദമായതോടെ പ്രസംഗത്തെ ന്യായീകരിച്ച്​ വർഗീസ്​ രംഗത്തെത്തി. പറഞ്ഞതി​ൽ തെറ്റില്ലെന്നും സുധാകരനുള്ള മറുപടി മാത്രമാണ്​ അതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ധീരജ്​ വധക്കേസിലെ കോൺഗ്രസ്​ പ്രവർത്തകരായ പ്രതികൾ നിരപരാധികളാണെന്നും ധീരജ്​ മരണം ഇരന്നുവാങ്ങിയതാണെന്നും പ്രതികളെ ജയിലിൽനിന്ന്​ ഇറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും സുധാകരൻ പറഞ്ഞതിന്​ മറുപടിയാണ്​ താൻ നൽകിയത്​. സന്ദർഭത്തിനനുസരിച്ച മറുപടിയാണ്​ കൊടുത്തതെന്നും ഏറ്റവും മാന്യമായി സത്യം പറയുക മാത്രമാണുണ്ടായതെന്നുമാണ്​ വർഗീസിന്‍റെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.