പി. മാധവന്‍ പിള്ള ഇനി ദീപ്​തസ്മരണ

പി. മാധവന്‍ പിള്ള ഇനി ദീപ്​തസ്മരണ

ചങ്ങനാശ്ശേരി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും വിവര്‍ത്തകനുമായ പി. മാധവന്‍ പിള്ള ഇനി ദീപ്തസ്മരണ. സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം രോഗാധിക്യത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വിടവാങ്ങിയത്. വിവര്‍ത്തനത്തിന്റെ ചുവയോ ചവര്‍പ്പോ രുചിക്കാത്ത, സഹജവും സമ്പൂര്‍ണവുമായ വിവര്‍ത്തനപുസ്തകങ്ങള്‍ മലയാളത്തില്‍ എത്രയുണ്ട് എന്നു ചിന്തിക്കുമ്പോഴാണ് മാധവന്‍ പിള്ളയുടെ 'യയാതി'യുടെ പ്രാധാന്യം വ്യക്തമാവുക. മലയാളത്തിന്റെ മനസ്സും ഭാവനയും കൊണ്ടെഴുതപ്പെട്ടു എന്നിടത്താണ് മാധവന്‍ പിള്ളയുടെ 'യയാതി' തര്‍ജമ അന്നും ഇന്നും ഭാഷയില്‍ വ്യതിരിക്തമാകുന്നത്. 1980ല്‍ എസ്.പി.സി.എസിലൂടെ 'യയാതി'യുടെ ആദ്യപതിപ്പ് പുറത്തുവന്നശേഷം പ്രമുഖ സാഹിത്യവിമര്‍ശകനായ എം. കൃഷ്ണന്‍ നായര്‍ മാധവന്‍ പിള്ളക്കയച്ച ഒരു സ്വകാര്യകത്തിലെ വരികള്‍ ഇപ്രകാരമായിരുന്നു: 'സാധാരണ ഞാന്‍ വെട്ടുകത്തികൊണ്ട് വെട്ടാറേയുള്ളൂ. ഏറ്റവും ഉത്കൃഷ്ടമായ ഒരു കൃതി ഏറ്റവും ഉത്കൃഷ്ടമായ വിധത്തില്‍ പരിഭാഷപ്പെടുത്തിയ താങ്കള്‍ എനിക്ക് ആദരണീയനായി ഭവിച്ചിരിക്കുന്നു'. 1974ലാണ് വി.എസ്. ഖാണ്ഡേക്കര്‍ രചിച്ച യയാതി എന്ന മറാത്തി നോവലിന് പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം ലഭിക്കുന്നത്. പ്രമുഖ എഴുത്തുകാരുടെ ഒരുപിടി ചെറുകഥകളും ലേഖനങ്ങളും ഹിന്ദിയില്‍നിന്ന് മൊഴിമാറ്റി വിവിധ പത്രമാസികകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു മാധവന്‍ പിള്ള. 'യയാതി' എം.ജി യൂനിവേഴ്സിറ്റിയില്‍ ബി.എ മലയാളത്തിനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റിയില്‍ എം.എ മലയാളത്തിനും പാഠപുസ്തകമായിരുന്നു. ബംഗാളിയില്‍നിന്ന് ആശാപൂര്‍ണാദേവിയുടെ 'പ്രഥമപ്രതിശ്രുതി', 'സുവര്‍ണലത', 'ബകുളിന്റെ കഥ', അസമിയയില്‍നിന്ന് വീരന്ദ്രകുമാര്‍ ഭട്ടാചാര്യയുടെ 'മൃത്യുഞ്ജയ', ഇന്ദിര ഗോസ്വാമിയുടെ 'ദക്ഷിണകാമരൂപിന്റെ ഗാഥ', ഒറിയയില്‍നിന്ന് പ്രതിഭാ റായിയുടെ 'ദ്രൗപദി' (ജ്ഞാനപീഠം), 'ശിലാപത്മം', മറാത്തിയില്‍നിന്ന് 'മഹാനായകന്‍', ഹിന്ദിയില്‍നിന്ന് ജൈനേന്ദ്രകുമാറിന്റെ 'രാജിക്കത്ത്', ഭീഷ്മസാഹ്നിയുടെ 'തമസ്സ്'​, മയ്യാദാസിന്റെ 'മാളിക', മനോഹര്‍ ശ്യാം ജോഷിയുടെ 'കുരുകുരു സ്വാഹ', കന്നഡയില്‍നിന്ന് യു.ആര്‍. അനന്തമൂര്‍ത്തിയുടെ 'മൗനി' ഇങ്ങനെപോകുന്നു വിവര്‍ത്തനങ്ങള്‍. മയ്യാദാസിന്റെ 'മാളിക'യുടെ പരിഭാഷക്ക്​ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 'ശിലാപത്മം' തര്‍ജമക്ക്​ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മനുഷ്യാവകാശ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമായ 'കുരുന്നുകളേ മാപ്പ്' കൃതിയുടെ ഹിന്ദി തര്‍ജമക്ക്​ ദേശീയ മനുഷ്യാവകാശ കമീഷന്റെ സാഹിത്യപുരസ്കാരം ലഭിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ അടക്കം നിരവധി പേര്‍ പെരുന്നയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. KTL CHR 9 Side കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും വിവര്‍ത്തകനുമായ പി. മാധവന്‍ പിള്ളയുടെ ഭൗതികശരീരത്തില്‍ രമേശ് ചെന്നിത്തല എം.എല്‍.എ അന്തിമോപചാരം അര്‍പ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.