കോട്ടയം: കോവിഡ് വ്യാപനം കടുത്ത പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖലയെ സജീവമാക്കാനുള്ള നടപടിയുമായി സർക്കാർ. അടിയന്തരമായി സംസ്ഥാനത്തെ 160 ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ടൂറിസം ഡയറക്ടർ സമർപ്പിച്ച വിശദ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണ്. കർശന കോവിഡ് മാർഗ നിർദേശങ്ങളോടെ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ടൂറിസം വകുപ്പിനും എതിർപ്പില്ല.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരും ഇതിന് സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ട്. സർക്കാർ ആരോഗ്യവകുപ്പിൻെറ റിപ്പോർട്ടും തേടിയിട്ടുണ്ട്. ഇതിൻെറകൂടി അടിസ്ഥാനത്തിലാകും അന്തിമ നടപടി. ആറുമാസംകൊണ്ട് ടൂറിസം മേഖലക്കുണ്ടായ നഷ്ടം 20,000 കോടിയാണ്. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് നിലച്ചതാണ് നഷ്ടം പെരുകാൻ കാരണം.
നിലവിൽ തേക്കടി-മൂന്നാർ മേഖലകളിൽ വിനോദ സഞ്ചാരികൾക്കായി ചില കേന്ദ്രങ്ങൾ വനം വകുപ്പ് തുറന്നിട്ടുണ്ട്. അവിടെ നിന്നുള്ള റിപ്പോർട്ടുകളും സർക്കാർ വിലയിരുത്തിയശേഷമാകും കർശന വ്യവസ്ഥകളോടെ ആദ്യഘട്ടത്തിൽ ഇവ തുറക്കാൻ അനുമതി നൽകുക. ഹോട്ടലുകളും റിേസാർട്ടുകളും ഹൗസ് ബോട്ടുകളും പാർക്കുകളും തുറക്കണമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ ആവശ്യം.
ഇക്കോ ടൂറിസം മേഖലകൾ തുറക്കുന്ന കാര്യവും പരിഗണനയിലാണ്. അതിനിടെ, ദിവസങ്ങളോളം അടഞ്ഞുകിടന്ന ഈ മേഖലയുടെ ഉണർവിന് ഇനി കോടികൾ ചെലവഴിക്കേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിൽ സർക്കാർ ഈ മേഖലക്കായി 455 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യക്ഷമായി 15,000 ലക്ഷം പേരും പരോക്ഷമായി 20 ലക്ഷവും ഈ മേഖലയെ ആശ്രയിക്കുന്നുണ്ട്. പലരും അർധപട്ടിണിയിലാണ്. ജീവിതം വഴിമുട്ടിയ ഇവർ ഇപ്പോൾ മത്സ്യ വ്യാപാരമടക്കം ചെയ്താണ് ഉപജീവനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.