എരുമേലി: കഴിഞ്ഞ വർഷം ഓൺലൈൻ ബുക്കിങ് സംവിധാനത്തിലൂടെ റെസ്റ്റ് ഹൗസുകളിൽനിന്ന് നാലു കോടിയോളം രൂപയുടെ വരുമാനം സംസ്ഥാനത്തിന് ഉണ്ടായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എരുമേലിയിൽ പുതുതായി നിർമിച്ച പൊതുമരാമത്ത് റെസ്റ്റ്ഹൗസിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആശങ്കയും തെറ്റിദ്ധാരണകളും അകറ്റി റെസ്റ്റ് ഹൗസ് ഉപയോഗിക്കുന്നതിലേക്ക് എത്തിക്കാൻ ഓൺലൈൻ ബുക്കിങ് സംവിധാനത്തിലൂടെ കഴിഞ്ഞു. സന്നിധാനത്തുള്ള സത്രത്തിൽ ഡോർമിറ്ററി തയാറാക്കാൻ തീരുമാനിച്ചതായും ഡോർമിറ്ററിയും മുറികളും ഇത്തവണ ഓൺലൈനാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. റെസ്റ്റ് ഹൗസുകളെ ജനകീയമാക്കുന്നതിന്റെ ഭാഗമായി സേവനം ഉപയോഗപ്പെടുത്തിയവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് മുന്നോട്ടുപോകും. ശബരിമല തീർഥാടകർക്കായി കൂടുതൽ സൗകര്യങ്ങളാണ് സർക്കാർ ഇടപെട്ട് ഒരുക്കുന്നതെന്നും റെസ്റ്റ്ഹൗസ് തീർഥാടകർക്കും പ്രയോജനപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ. ബീന സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, കലക്ടർ പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൂബി അഷ്റഫ്, ടി.എസ്. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ജസ്ന നജീബ്, പി.എ. ഷാനവാസ്, വി.പി. സുഗതൻ, സി.പി.എം ലോക്കൽ സെക്രട്ടറി വി.ഐ. അജി എന്നിവർ സംബന്ധിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എം. ലൈജു നന്ദി പറഞ്ഞു.
കുമരകം: കോണത്താറ്റുപാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലെ പ്രവൃത്തി മന്ത്രി വി.എന്‍. വാസവന് വിലയിരുത്തി. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള തടസ്സം നീക്കാന്‍ വനം വകുപ്പ്, പൊതുമരാമത്ത് വിഭാഗങ്ങള്‍ക്ക് നിർദേശം നല്കി. ഈ മാസം അവസാനത്തോടെ പാലം പൊളിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വാര്‍ഡ് മെംബര്‍മാരായ വി.സി. അഭിലാഷ്, പി.എസ്. അനീഷ് എന്നിവർ സംബന്ധിച്ചു.
എരുമേലി: പമ്പ പാതയിലെ കണമലയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് മന്ത്രി എത്തിയത്. തീർഥാടകർ സഞ്ചരിക്കുന്ന 19 റോഡുകളിൽ 16 റോഡുകളിലും പരിപൂർണ യാത്രാ സൗകര്യം ഒരുക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. മൂന്നു റോഡുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ചീഫ് എൻജിനീയറടക്കം ക്യാമ്പ് ചെയ്ത് നേതൃത്വം നൽകിവരുന്നു. എല്ലാ വർഷവും ജോലികൾ നേരത്തേ ചെയ്തു തീർക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ.യു. ജനീഷ് കുമാർ, കലക്ടർ പി.കെ. ജയശ്രീ, പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ ജോർജുകുട്ടി എന്നിവർ സംബന്ധിച്ചു.
മുണ്ടക്കയം: ജോലിയില്‍ അലസത കാട്ടുന്ന ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ശബരിമല അവലോകന യോഗത്തിനെത്തിയ മന്ത്രി മുണ്ടക്കയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശബരിമല തീര്‍ഥാടകര്‍ പ്രധാനമായി കടന്നുപോകുന്ന സംസ്ഥാനത്തെ 19 റോഡുകള്‍ രണ്ടുദിവസമായി താനും എം.എല്‍.എമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘം നേരിട്ടു പരിശോധന നടത്തുകയാണ്.
പതിനാറും സഞ്ചാരയോഗ്യമാക്കി കഴിഞ്ഞു. കോവിഡിനുശേഷം കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന സീസണാണിത്. അതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും ബുദ്ധിമുട്ടുകളില്ലാതെ യാത്ര ചെയ്യാന്‍ നടപടിയുണ്ടാവും. എരുമേലി പ്ലാപ്പളളി റോഡും അടിയന്തര പ്രാധാന്യം നല്കി സഞ്ചാരയോഗ്യമാക്കും. ഇപ്പോള്‍ നടത്തി വരുന്ന പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കലക്ടര്‍ പി.കെ. ജയശ്രീ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.