കോട്ടയം: പതിവ് തെറ്റിച്ച് പരീക്ഷ കഴിയും മുമ്പ് പുതിയ അധ്യയന വർഷത്തിലെ പുസ്തകങ്ങൾ ജില്ലയിൽ. മധ്യവേനൽ അവധിക്കുമുമ്പ് പുസ്തകങ്ങൾ സ്കൂളിൽ എത്തിക്കാനുള്ള സർക്കാർ തീരുമാന ഭാഗമായാണ് ഇക്കുറി നേരത്തേ പുസ്തക അച്ചടിയും വിതരണവും ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ ഇതുവരെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി നാലുലക്ഷത്തോളം പുസ്തകങ്ങൾ എത്തിച്ചുകഴിഞ്ഞു. ഒമ്പത്, 10 ക്ലാസുകളിലെ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ പൂർണമായും എത്തിയിട്ടുണ്ട്.
മറ്റ് ക്ലാസുകളിലേതും എത്തിക്കൊണ്ടിരിക്കുകയാണ്. മാർച്ചിനുമുമ്പ് മുഴുവൻ പുസ്തകങ്ങളും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ പുതിയ അധ്യയനവർഷത്തിൽ 12 ലക്ഷത്തോളം പൂസ്തകങ്ങളാണ് ആവശ്യമെന്നാണ് കണക്ക്. ഏപ്രിലോടെ ഇത് മുഴുവൻ ജില്ലയിൽ എത്തിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. പുതുപ്പള്ളി ജി.വി.എച്ച്.എസ്.എസ്.എസിലെ ജില്ല ഹബിലാണ് കാക്കനാട്ടെ കെ.ബി.പി.എസിൽനിന്ന് പുസ്തകങ്ങൾ എത്തിക്കുന്നത്. വിതരണച്ചുമതല കുടുംബശ്രീക്കാണ്.
ജില്ല ഹബിലെത്തിച്ച പുസ്തകങ്ങൾ കുടുംബശ്രീ അംഗങ്ങൾ തരംതിരിച്ചശേഷം പാക്ക് ചെയ്യും. തുടർന്ന് വാഹനങ്ങളിൽ ജില്ലയിലെ 250 സ്കൂൾ സൊസൈറ്റികളിലെത്തിക്കും. പിന്നീട് ഇവിടെനിന്ന് സ്കൂളിലേക്ക് കൈമാറും. പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 25ന് വൈകീട്ട് മൂന്നിന് ആലപ്പുഴയിൽ നടക്കും. ഇതിനുശേഷം ജില്ലതല വിതരണത്തിന് തുടക്കമാകും. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ചാകും സ്കൂളുകൾക്ക് പുസ്തകങ്ങൾ നൽകുക. അധികമായി ആവശ്യപ്പെട്ടാൽ അടുത്തഘട്ടത്തിൽ എത്തിക്കും.
അവധിക്കാലത്തുതന്നെ സ്കൂളുകളിൽനിന്നുള്ള പുസ്തക വിതരണം പൂർത്തിയാക്കുമെന്ന് ജില്ല വിദ്യാഭ്യാസ അധികൃതർ പറയുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട ഒന്നുമുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് മധ്യവേനലവധിക്ക് അഞ്ചുകിലോ അരി വീതം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ഇതിന് തുടക്കമാകും. മധ്യവേനൽ അവധിക്ക് സ്കൂൾ അടക്കുംമുമ്പ് പാഠപുസ്തകങ്ങളും യൂണിഫോമും അരിയും ഒന്നിച്ചുനൽകുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് വിദ്യാഭ്യാസവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.