കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടുയന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിങ് വെള്ളിയാഴ്ച തുടങ്ങും. രാവിലെ എട്ടു മുതൽ വൈകീട്ട് ആറുമണി വരെയാണ് സെറ്റിങ് നടക്കുക. ബസേലിയസ് കോളജിലെ സ്ട്രോങ് മുറികളിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളിൽ കേന്ദ്ര നിരീക്ഷകന്റെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിങ് നടത്തുന്നത്. വരണാധികാരിക്കാണ് ചുമതല.
പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനുമുമ്പുള്ള അവസാന സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിലുള്ളത്. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂനിറ്റിൽ വെച്ച് സീൽ ചെയ്യും. വോട്ടുചെയ്യുമ്പോൾ സ്ലിപ്പ് പ്രിന്റ് ചെയ്യുന്ന വിധത്തിൽ വിവിപാറ്റ് യന്ത്രങ്ങൾ ബാറ്ററി ഇട്ട് സജ്ജമാക്കും. മൂന്നു യൂനിറ്റുകളും ബന്ധിപ്പിച്ചശേഷം ഓരോ സ്ഥാനാർഥിക്കും നോട്ടക്കും ഓരോ വോട്ടുവീതം ചെയ്ത് കൺട്രോൾ യൂനിറ്റിലെ ഫലവും വിവിപാറ്റിന്റെ പ്രവർത്തനവും കൃത്യമെന്ന് ഉറപ്പാക്കും. പരിശോധനക്കുശേഷം ഈ വോട്ടുകൾ നീക്കും. പരിശോധന വേളയിൽ പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തുന്ന യന്ത്രങ്ങൾക്കുപകരം പുതിയ യന്ത്രങ്ങൾ വെക്കും. ഓരോ പോളിങ് ബൂത്തിലേക്കുമുള്ള കൺട്രോൾ, ബാലറ്റ് യൂനിറ്റുകളും വിവിപാറ്റും ഒന്നിച്ച് സ്ട്രോങ് മുറിയിലേക്ക് മാറ്റും. 18 ടേബിളുകളിലായാണ് സെറ്റിങ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.