ചങ്ങനാശ്ശേരി: സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പുഴവാത് കുമാരമംഗലത്തു മന പൈതൃക മ്യൂസിയമാക്കാൻ ആദ്യഘട്ടത്തിൽ 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് സംരക്ഷണ ജോലികൾ പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ തുറന്നില്ല.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും നിയമസഭ അംഗവുമായിരുന്ന കെ.ജി.എന്‍. നമ്പൂതിരിപ്പാടിന്റെ കുടുംബം വകയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മന. എട്ടുവീട്ടില്‍ പിള്ളമാരെ നിഗ്രഹിച്ച് എട്ടു കുടങ്ങളിലാക്കി കുടിയിരുത്തിയെന്ന ചരിത്രമുള്ള വേട്ടടിക്കാവ് ക്ഷേത്രമാണ് മനയുടെ കുടുംബക്ഷേത്രം. കേരളീയ വാസ്തുശില്പ മാതൃകയില്‍ നിര്‍മിച്ച വീടും 15 സെന്റ് സ്ഥലവും ഉള്‍പ്പെടുന്ന ഭാഗമാണ് പൈതൃക മ്യൂസിയത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്.
സൗകര്യങ്ങള്‍ ഒരുക്കാൻ മനയോടു ചേര്‍ന്നുള്ള ആറു സെന്റ് സ്ഥലവും കെ.ജി.എന്‍. നമ്പൂതിരിപ്പാടിന്റെ കുടുംബാംഗങ്ങള്‍ സൗജന്യമായി വിട്ടുനല്‍കിയിരുന്നു. സംരക്ഷണ ജോലികളും വൈദ്യുതീകരണവും പൂര്‍ത്തിയാക്കി. വരാന്തകളിലെ തറയോടുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ശ്രീകോവിലിന്റെ ഭാഗത്തെ കല്പടവുകള് പൂര്‍വ സ്ഥിതിയിലാക്കി. മനയോടു ചേര്‍ന്നുള്ള ശുചിമുറി പൊളിച്ചുമാറ്റി. അറയും നിരയും അറ്റകുറ്റപ്പണി ചെയ്തു. തടികള്‍ രാസസംരക്ഷണം നടത്തി. സംരക്ഷണ വേലി സ്ഥാപിച്ചു.
ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ സഹായത്തോടെ മനയുടെ ഗ്രാഫിക്കല്‍ ഡോക്യുമെന്റേഷനും പൂര്‍ത്തിയാക്കി. ശുചീകരണത്തിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. മനയില്‍ നടപ്പാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് പുരാവസ്തു വകുപ്പ് ഉടന്‍ വിശദമായ പ്രാജക്ട് തയാറാക്കുമെന്നാണ് അറിയിച്ചിരുന്നത്. നാലുകെട്ടിന്റെ തനിമ നിലനിര്‍ത്തി അതിന്റെ സവിശേഷതകള്‍, മനയുമായി ബന്ധപ്പെട്ട ചരിത്രം എന്നിവ ആളുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ആയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.