ചങ്ങനാശ്ശേരി: നാടിന് കാവൽ നിൽക്കുന്ന പൊലീസുകാരുടെ ജീവിതത്തിന് സുരക്ഷയില്ല. കുറിച്ചി കാലായിൽപടിയിൽ സ്ഥിതി ചെയ്യുന്ന പൊലീസ് ക്വാർട്ടേഴ്സ് ശോച്യാവസ്ഥയിൽ. ഇളകി വീഴുന്ന മേൽക്കൂര, വെള്ളം ഒലിച്ചിറങ്ങുന്ന ഭിത്തികൾ, വാഷ് ബേസിലെ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവും ശുദ്ധജലവുമില്ല, ഭിത്തിയിൽ വേരുകൾ ഇറങ്ങിയ നിലയിൽ തുടങ്ങിയ ദുരിതാവസ്ഥയാണ് ക്വാർട്ടേഴ്സിലെ താമസക്കാർ നേരിടുന്നത്. യഥാസമയം അറ്റകുറ്റപ്പണി നടത്താതെ കെട്ടിടം നാശത്തിലേക്ക് കൂപ്പുകുത്തി.
16ഓളം കുടുംബങ്ങൾക്ക് താമസിക്കാവുന്ന കെട്ടിടത്തിൽ പലതും ഉപയോഗശൂന്യമാണ്. ക്വാർട്ടേഴ്സിലെ ദുരിത ജീവിതമൂലം നിരവധി പേരാണ് പുറത്ത് വാടകക്കും മറ്റും താമസിക്കുന്നത്. ചിങ്ങവനം, ചങ്ങനാശ്ശേരി, മണർകാട് തുടങ്ങി നിരവധി സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. മൂന്ന് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
നിലവിൽ ഒമ്പത് കുടുംബങ്ങളാണ് താമസിക്കുന്നത്. കാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ കെട്ടിടങ്ങളും ഇവിടെയുണ്ട്. ക്വാർട്ടേഴ്സിന് സംരക്ഷണഭിത്തികളും ഇല്ല. അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. ജനൽച്ചില്ലുകളും പൊട്ടിതകർന്ന നിലയിലാണ്. ഡ്രെയിനേജ് പൊട്ടി മലിനജലം ഒഴുകുന്ന സ്ഥിതിയുണ്ട്. ഇത് സാംക്രമിക രോഗങ്ങൾ ബാധിക്കുന്നതിനിടയാക്കുമെന്നും ആശങ്കയുണ്ട്.
ക്വാർട്ടേഴ്സിൽ കുഴൽക്കിണറിൽനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ചളിനിറഞ്ഞതും ഇരുമ്പ് നിറഞ്ഞതുമായ വെള്ളമാണ് ലഭിക്കുന്നത്. അതിനാൽ പാചകത്തിനും മറ്റും വെള്ളം വിലയ്ക്ക് വാങ്ങണം. ചിങ്ങവനം സി.ഐക്കാണ് മേൽനോട്ടച്ചുമതല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് മുമ്പ് പരാതി നൽകിയതിനെ തുടർന്ന് പരിശോധന നടത്തിയല്ലാതെ നടപടിയില്ല. അടിയന്തരമായി ക്വാർട്ടേഴ്സിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.