ചങ്ങനാശ്ശേരി: തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ പലതും ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വനിത കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ പറഞ്ഞു. നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന വനിത കമീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. കമീഷനു മുന്നിൽ വരുന്ന പരാതികൾ തെളിയിക്കുന്നത് സ്ത്രീകൾ തൊഴിലിടങ്ങളിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നാണ്.
എട്ടുവർഷം പഠിപ്പിച്ചിരുന്ന സ്വകാര്യ കോളജിൽനിന്ന് അധികൃതർ മുന്നറിയിപ്പുനൽകാതെ ജോലി, കരാർ അടിസ്ഥാനത്തിലാക്കിയതിനെതിരെ രണ്ട് അധ്യാപികമാർ വനിത കമീഷനെ സമീപിച്ചു.
കോളജ് അധികൃതരോട് ഇതുസംബന്ധിച്ച് വിശദീകരണം തേടി. മരിച്ചുപോയ ഭർത്താവിന്റെ പേരിലുള്ള സ്വത്തുക്കൾ വ്യാജരേഖ ചമച്ച് സഹോദരന്മാർ കൈവശപ്പെടുത്തിയെന്ന ഭാര്യയുടെയും മകളുടെയും പരാതിയിൽ റവന്യൂ അധികൃതർ സ്വീകരിച്ച നിലപാടിനെയും കമീഷൻ വിമർശിച്ചു. ആകെ 70 പരാതികളാണ് വന്നത്. ഒമ്പതെണ്ണം തീർപ്പാക്കി. ഒരെണ്ണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് തേടി. അഭിഭാഷകരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രൻ, കമീഷൻ സി.ഐ. ജോസ് കുര്യൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.