കോട്ടയം: ക്രിസ്മസിന് ആഴ്ചകൾ മാത്രം ശേഷിക്കേ സപ്ലൈകോ സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ കിട്ടാക്കനി.മിക്ക ഔട്ട്ലെറ്റുകളും ഇതിനോടകം കാലിയാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഒഴിഞ്ഞ സഞ്ചിയുമായി മടങ്ങേണ്ട ഗതികേടിലാണ്. ക്രിസ്മസ് സീസണിൽ സപ്ലൈകോയുടെ ഈ സ്ഥിതി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും. ഇതുണ്ടാക്കുന്ന വിലക്കയറ്റം സാധാരണക്കാരന് തിരിച്ചടിയാകും.
സപ്ലൈകോയിൽ പുതിയ സ്റ്റോക്കുകളിൽ എത്തിയ അവശ്യവസ്തുക്കൾ ഉഴുന്ന്, അരി എന്നിവ മാത്രമാണ്.
ഏറ്റവുമധികം ആവശ്യക്കാരുള്ള സബ്സിഡി ഇനങ്ങളായ പഞ്ചസാര, ചെറുപയർ, തുവര പരിപ്പ്, വറ്റൽമുളക്, അരി എന്നിവക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പഞ്ചസാര രണ്ടുമാസമായി സ്റ്റോക്കില്ല. വിപണിവില അധികമായതിനാൽ കഴിഞ്ഞ മൂന്ന് മാസവും സപ്ലൈകോ ടെൻഡറിൽ മുളക് ഉൾപ്പെടുത്തിയിരുന്നില്ല.
ഓണം, വിഷു സീസണിലെ വിറ്റുവരവ് സർക്കാർ വാങ്ങിയെടുത്തിരുന്നു. അതേസമയം സാധനങ്ങൾ അഡ്വാൻസ് വാങ്ങിയ കമ്പനികൾക്കും വ്യക്തികൾക്കും പണം നൽകിയിട്ടുമില്ല. നിലവിൽ 738.94 കോടി രൂപയോളം വിവിധ കമ്പനികൾക്കായി നൽകാൻ കുടിശികയുണ്ട്. സാധനങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച് സപ്ലൈകോയിൽ എത്തിക്കാൻ ഒരുകമ്പനിയും തയാറായിട്ടില്ല. ഇനിയും കടംതരാൻ തയാറല്ലെന്നാണ് സാധനങ്ങൾ എത്തിക്കുന്ന കമ്പനികളുടെ നിലപാട്. വെള്ളക്കടല, ഗ്രീൻപീസ് തുടങ്ങിയ സബ്സിഡി ഇതര സാധനങ്ങൾ എത്തിക്കാൻ ചിലർ തയാറായെങ്കിലും അഡ്വാൻസ് ലഭിക്കാതെ തരില്ലെന്ന നിലപാടിലാണ് കമ്പനികൾ.സാധാരണക്കാരന് ഏറെ ആശ്വാസകരമാണ് സപ്ലൈകോ ഔട്ട്ലെറ്റുകൾ. എന്നാൽ അവയുടെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. ഓണത്തിന് 86 ലക്ഷം രൂപയുടെ വിൽപനയാണ് കോട്ടയം സപ്ലൈകോ ഔട്ട്ലെറ്റിൽ നടന്നത്. കഴിഞ്ഞമാസമാണ് ഏറ്റവുംകുറവ് വിൽപന നടന്നത്, 46 ലക്ഷം രൂപ. ക്രിസ്മസിന് മുന്നോടിയായി കുറവുള്ള അവശ്യസാധനങ്ങളുടെ കണക്ക് ജനറൽ മാനേജർക്ക് അധികൃതർ കൈമാറിയിട്ടുണ്ട്.
മുൻകാലങ്ങളിൽ ഡിസംബർ ആദ്യംതന്നെ സപ്ലൈകോ ക്രിസ്മസ് ഫെയറുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഇക്കുറി അതിനുള്ള നടപടികളൊന്നുമായിട്ടില്ല.
വരുംദിവസങ്ങളിൽ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.