കോട്ടയം: വേനൽമഴക്ക് പിന്നാലെ പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താൻ നിർദേശം. ഈമാസം മാത്രം 11 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
മൂന്നുപേർ മഞ്ഞപ്പിത്തവും നാല് പേർ എലിപ്പനിയും ബാധിച്ച് ചികിത്സ തേടി. എന്നാൽ, വേനൽമഴ എത്തിയ സാഹചര്യത്തിൽ ശക്തമായ പ്രതിരോധം തീർക്കുകയാണ് ആരോഗ്യവകുപ്പ്. ആരോഗ്യജാഗ്രത, പ്രഥമം പ്രതിരോധം തുടങ്ങിയ കാമ്പയിനുകളിലൂടെ പകർച്ചവ്യാധികളെ പിടിച്ചുകെട്ടുകയാണ് ലക്ഷ്യം. ആഴ്ചയിൽ പഞ്ചായത്തിലെ ഒരുവാർഡിൽ പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തുന്നുണ്ട്.
പ്രദേശത്തെ കൊതുക് സാന്ദ്രത കണ്ടുപിടിക്കുകയും പ്രതിരോധം മാർഗങ്ങൾ ആവിഷ്കരിക്കുകയുമാണ് ലക്ഷ്യം. കൂടാതെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ജില്ല വെക്റ്റർ കൺട്രോൾ യൂനിറ്റ് അംഗങ്ങൾ എത്തി ഫോഗിങ് ഉൾപ്പെടെ നടത്തും.
മഴക്കാലത്തിനുമുമ്പ് നാടും നഗരവും ശുചീകരിക്കാൻ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് പ്രഥമം പ്രതിരോധം. ഇതിന്റെ ഭാഗമായി സ്കൂൾ, തോട്ടങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ കൊതുകിന്റെ ഉറവിട നിർമാർജനം നടത്തും. കൂടാതെ കിണറുകൾ ശുചീകരിക്കുകയും എലിപ്പനി വരാതിരിക്കാൻ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഗുളികകളുടെ വിതരണവും നടത്തും.
ചങ്ങനാശ്ശേരി: നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള സംഘാടക സമിതി രൂപവത്കരണം ചെയർപേഴ്സൻ ബീന ജോബി ഉദ്ഘാടനംചെയ്തു.
വൈസ് ചെയർമാൻ മാത്യൂസ് ജോർജ് അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാരി രാജശേഖരൻ, പി.എ. നിസാർ, എത്സമ്മ ജോബ്, പ്രിയ രാജേഷ്, കെ.എം.നജിയ, എൽ.എസ്. സജി, ഡോ. പ്രസീത, ക്ലീൻ സിറ്റി മാനേജർ ഷൈൻ, റൗഫ് റഹിം, കൗൺസിലർമാരായ രാജു ചാക്കോ, ബാബു തോമസ്, കുഞ്ഞുമോൾ സാബു, മുരുകൻ, അരുൺ മോഹൻ, ലിസി വർഗീസ്, സ്മിത സുനിൽ, ഉഷ മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ് തല സാനിറ്റേഷൻ കമ്മിറ്റികൾ യോഗം ചേരണം. 18നു നഗരസഭ തല ശുചീകരണ പരിപാടികൾ തുടങ്ങും. 19നു വാർഡ് തല ശുചീകരണ പ്രവർത്തനം നടത്തും. 17, 18, 19 എന്നീ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.