കോട്ടയം: ചുങ്കത്തെ കടവരാന്തയിൽ ലോട്ടറി വിൽപന നടത്തുന്ന റെജിച്ചേട്ടൻ നമ്മൾ വിചാരിച്ച ആളല്ല... മാവേലിയെ തട്ടിക്കൊണ്ടുപോയ വീരപ്പനെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണിത്. കോട്ടയം ചുങ്കത്ത് ‘ശേഖരേട്ടന്റെ കട’യുടെ വരാന്തയിലെ സ്ഥിരംമുഖമാണ് ചാലുകുന്ന് സ്വദേശി റെജി ജോൺ. 25 വർഷം മുമ്പ് ഓണത്തിന് കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്ത ‘ഹലോ മാവേലി... വീരപ്പൻ സ്പീക്കിങ്’ എന്ന ടെലിഫിലിമിലാണ് 34ാം വയസ്സിൽ റെജി വീരപ്പന്റെ വേഷമഭിനയിച്ചത്.
ഓണത്തിന് നാട്ടിലെത്തിയ മാവേലിയെ വീരപ്പൻ തട്ടിക്കൊണ്ടുപോകുന്നതും തുടർന്ന് മാവേലി രക്ഷപ്പെട്ടുന്നതുമായിരുന്നു കഥ. സുഹൃത്തുക്കളായ മനോജ് ചെറുകര, പരേതനായ ശ്രീനിവാസ് എന്നിവർ മുഖേനയാണ് റെജി ടെലിഫിലിമിലേക്ക് എത്തുന്നത്. സീരിയൽ നടൻ റഷീദ് കാരാപ്പുഴയാണ് മാവേലിയായി അഭിനയിച്ചത്.
മാന്നാർ മത്തായി സ്പീക്കിങ്, മാൻ ഓഫ് ദി മാച്ച്, ബ്രിട്ടീഷ് മാർക്കറ്റ്, ചിന്നദാദ, സന്താനഗോപാലം, കർമ തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ റെജി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്യുന്ന ‘ഒരു പെരുങ്കാളിയാട്ടം’ ആണ് അവസാനം അഭിനയിച്ച സിനിമ. ഹാസ്യകഥാപാത്രങ്ങൾ അഭിനയിക്കാനാണ് റെജിക്ക് കൂടുതൽ താൽപര്യം. സിനിമയും നാടകവും ഇല്ലാത്തപ്പോൾ ലോട്ടറി വിറ്റും കൂലിപ്പണി ചെയ്തുമാണ് കുടുംബം പോറ്റുന്നത്. ഭാര്യ ഏലിയാമ്മ സി.എം.എസ് എൽ.പി സ്കൂളിലെ പാചകത്തൊഴിലാളിയാണ്. മകൻ സ്റ്റെഫിൻ കാറ്ററിങ് തൊഴിലാളിയാണ്. മകൾ ഷെറിൻ പുതുപ്പള്ളി ഗവ. സ്കൂളിലെ അധ്യാപികയാണ്.
15ാം വയസ്സിലാണ് റെജി നാടകരംഗത്തേക്ക് ചുവടുവെക്കുന്നത്. കോട്ടയത്തെ ഉജ്ജയിനി, രംഗമിത്ര, ദൃശ്യവേദി, പത്തനംതിട്ടയിലെ സംഘകല തുടങ്ങിയ സമിതികളിൽ റെജി പ്രവർത്തിച്ചിട്ടുണ്ട്. പേടിത്തൊണ്ടനായ പൊലീസുകാരൻ, 90 വയസ്സുള്ള കടലവിൽപനക്കാരൻ, ഗൾഫിൽനിന്നും നാട്ടിലേക്ക് രക്ഷപ്പെട്ട് എത്തുന്ന പ്രവാസി അങ്ങനെ നീളുന്നു അരങ്ങിൽ റെജി ജീവൻ നൽകിയ കഥാപാത്രങ്ങൾ. ‘ഉഷ്ണം ഉഷ്ണേന ശാന്തി’ ആണ് ആദ്യത്തെ പ്രഫഷനൽ നാടകം. 20ലധികം നാടകങ്ങളിൽ റെജി അഭിനയിച്ചിട്ടുണ്ട്.
ഐ.പി.എസ് എന്ന നാടകം ചെയ്തിരുന്ന സമയത്താണ് അനിൽ ബാബു സംവിധാനം ചെയ്ത കുടുംബവിശേഷം സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. പ്രധാന അഭിനേതാക്കൾക്കൊപ്പം ഒരു ഗാനരംഗത്തിലാണ് റെജിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത്. ഉർവശി, ജഗദീഷ് തുടങ്ങിയ പ്രധാന അഭിനേതാക്കളുടെ ഒപ്പമുള്ള ചിത്രങ്ങൾ സിനിമാവാരികകളിൽ കണ്ടപ്പോൾ റെജിക്കും സുഹൃത്തുക്കൾക്കും കിട്ടിയ സന്തോഷം ചെറുതായിരുന്നില്ല. എന്നാൽ, സിനിമയുടെ ദൈർഘ്യം കൂടിയതിനാൽ ആ ഗാനരംഗം സിനിമയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതോടെ ആദ്യമായി വേഷമിട്ട സിനിമയിൽ താൻ അഭിനയിച്ച രംഗം ഒഴിവാക്കിയതിന്റെ സങ്കടം റെജിക്ക് ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.