കോട്ടയം: ഇടവിട്ട് വേനൽമഴ പെയ്തെങ്കിലും ജനങ്ങളെ വലച്ച് കുടിവെള്ള പ്രതിസന്ധി. ജില്ലയിലെ ഉയർന്നപ്രദേശങ്ങളിൽ ഉൾപ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ആശ്വാസമഴ പെയ്തെങ്കിലും വിവിധയിടങ്ങളിലെ പുഴകളിലും കിണറുകളിലും തോടുകളിലും മറ്റും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
മണിമലയാറിലും മീനച്ചിലാറ്റിലും ഒഴുക്കുണ്ടായെങ്കിലും ജലക്ഷാമം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് മിക്ക തോടുകളിലും ശേഷിക്കുന്നത്. തോടുകൾ പൂർണമായും വറ്റിയ നിലയിലാണ്. ആദ്യ വേനൽ മഴകളിൽ ഒഴുക്കുണ്ടായ തോടുകളിൽ മിക്കവയും വറ്റിയത് ജനങ്ങളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ജനുവരിയുടെ തുടക്കത്തിൽ ഉയർന്നപ്രദേശങ്ങളിലെ കിണറുകൾ വറ്റിയിരുന്നു. ചെറിയമഴക്ക് പിന്നാലെ അവശേഷിക്കുന്ന കിണറുകളിലെ വെള്ളംകൂടി വറ്റിയതും ദുരിതം ഇരട്ടിയാക്കി.
വിവിധ കുടിവെള്ളവിതരണ പദ്ധതികളെ ആശ്രയിച്ചാണ് പല കുടുംബങ്ങളും ഗാർഹികാവശ്യങ്ങൾ ഉൾപ്പെടെ നിർവഹിക്കുന്നത്. എന്നാൽ കുടിവെള്ള പദ്ധതികളും മുടങ്ങുന്നത് ജനങ്ങൾക്ക് പ്രഹരമായി. എല്ലാ ദിവസവും വെള്ളം വിതരണം ചെയ്തിരുന്ന പദ്ധതികൾ പലതിലും നിന്നുമുള്ള കുടിവെള്ളവിതരണം ആഴ്ചയിൽ രണ്ടും മൂന്നുമായി ചുരുങ്ങി. കുടിവെള്ള പദ്ധതികളുടെ കിണറുകൾക്ക് സമീപം കുളങ്ങൾ നിർമിച്ച് സ്വകാര്യ വ്യക്തികൾ ലോറികളിൽ സ്ഥാപിക്കുന്ന ടാങ്കുകളിൽ വെള്ളംനിറച്ച് വിതരണം ചെയ്യുന്നതും കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുമുണ്ട്.
വിവിധ ജലവിതരണപദ്ധതികളിൽ നിന്നുള്ള വെള്ളം വീടുകളിലെ ആവശ്യത്തിന് പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാതെ വന്നതോടെ വിലകൊടുത്തുവാങ്ങാൻ മിക്ക കുടുംബങ്ങളും നിർബന്ധിതരായിരിക്കുകയാണ്. കിട്ടുന്ന വെള്ളമാകട്ടെ ഗുണനിലവാരമില്ലാത്തതും. ഏതാനും ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കാർമേഘം രൂപപ്പെടുന്നണ്ടെങ്കിലും മഴ പെയ്യുന്നില്ല. തുടർദിവസങ്ങളിൽ കൂടുതൽ അളവിൽ മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവിതരണം തോന്നുംപോലെ. സ്ഥിരം ഉറവിടങ്ങൾ വറ്റി ക്ഷാമം അനുഭവപ്പെട്ടതോടെ പാറമടകളിൽ നിന്നുപോലും വെള്ളമെടുത്ത് വിൽപന നടത്തുന്നതായി ആക്ഷേപമുണ്ട്. രാപകൽ ഭേദമന്യേ കുടിവെള്ളവിതരണ വാഹനങ്ങൾ പരക്കംപാച്ചിലാണ്. ചളികലർന്ന വെള്ളം ടാങ്കർലോറികൾ വഴി വിൽക്കുന്നുണ്ട്. ആശുപത്രികൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ടാങ്കർലോറികളിൽ എത്തിക്കുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്.
കുടിവെള്ളക്ഷാമം മുതലെടുത്ത് പണമുണ്ടാക്കാൻ മത്സരിച്ച് ഓടുന്നവർ വെള്ളത്തിന്റെ വൃത്തിയോ മറ്റോ ശ്രദ്ധിക്കുന്നില്ല. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടകളിൽ നിന്നുപോലും വെള്ളം വിൽപനക്ക് എത്തിക്കുന്നതായും പരാതിയുണ്ട്. കുടിവെള്ള വിതരണത്തിനുള്ള ലൈസൻസ് പോലുമില്ലാതെയാണ് ഇത്തരത്തിൽ വാഹനങ്ങൾ നഗരത്തിലും മറ്റും പരക്കംപായുന്നത്. വെള്ളം വിതരണം നടത്തുന്ന ടാങ്കറുകൾ വൃത്തിയാക്കുന്നില്ലെന്നും പരാതിയുണ്ട്. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്. നഗരപ്രദേശങ്ങളിൽ മാത്രമാണ് പേരിനെങ്കിലും നടപടിക്രമങ്ങൾ പാലിച്ച് ടാങ്കർലോറികളിൽ കുടിവെള്ള വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.