കോട്ടയം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ കഴിയുന്നതിനിടെ ജയിൽ മാറ്റിയ ഗുണ്ടസംഘത്തലവനും കൂട്ടാളികളും പൊലീസുകാരെ ആക്രമിച്ചു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് കോട്ടയം ജില്ല ജയിലിലേക്ക് മാറ്റുന്നതിനിടെ ഗുണ്ടത്തലവൻ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജെയ്സ്മോൻ ജേക്കബ് (അലോട്ടി -27) ആണ് പൊലീസുകാരെ ആക്രമിച്ചത്. അലോട്ടിയെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇയാളുടെ ഗുണ്ടസംഘവും നടുറോഡിൽ ആക്രമിച്ചു. സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ് രാജ്, പ്രദീപ് എന്നിവർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു അക്രമം. ഒരു വർഷം മുമ്പ് കാപ്പ ചുമത്തി അലോട്ടിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ജയിൽ മാറ്റുന്നതിെൻറ ഭാഗമായി തിരുവനന്തപുരത്തുനിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് അലോട്ടിയെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിച്ചത്. ഇവിടെ അലോട്ടിയെ കാത്ത് ഇയാളുടെ ബന്ധുക്കളും വൻ ഗുണ്ടസംഘവും എത്തിയിരുന്നു.
സ്റ്റാൻഡിന് സമീപത്തെ കടയിൽ കയറിയ പ്രതി വെള്ളം കുടിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ, ബന്ധുക്കളെ കാണാനും ഇയാൾ ശ്രമിച്ചു. ഇത് പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെ കൈവിലങ്ങ് ഉപയോഗിച്ച് പൊലീസുകാരനായ മഹേഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ പ്രദീപ് ശ്രമിച്ചതോടെ, ഇയാളുടെ അനുയായികളായ ഗുണ്ടസംഘം ആക്രമണം അഴിച്ചുവിട്ടു.
നടുറോഡിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇവർ ആക്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ എം.സി റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തുമെന്നായതോടെ പ്രതികൾ ഓടിമറഞ്ഞു. ഇതോടെ അലോട്ടിയുമായി പൊലീസ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ ജില്ല ജയിലിൽ എത്തി.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരും വെസ്റ്റ് സ്റ്റേഷനിൽ എത്തി. പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അലോട്ടി അടക്കം കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട ഗുണ്ടകൾക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.