ഈരാറ്റുപേട്ട: വാഗമൺ ടൂറിസ്റ്റ് മേഖലയിലേക്കുള്ള റോഡുകൾ പുതുക്കി ടാർ ചെയ്തതോടെ റൂട്ടിൽ അപകടങ്ങൾ പെരുകുന്നു. വഴിക്കടവ് മുതൽ വേലത്തുശ്ശേരി വരെയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ അപകടങ്ങളും. വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിയന്ത്രണംവിട്ട് മതിലിലോ തിട്ടയിലോ ഇടിക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞദിവസം വാഗമണ്ണിൽനിന്ന് തീക്കോയി ഭാഗത്തേക്കുവന്ന സിനിമാപ്രവർത്തകരുടെ വാൻ മാവടിയിൽ കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയതാണ് ഒടുവിലത്തെ സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർക്കെല്ലാം സാരമായി പരിക്കേറ്റ് ചികിത്സയിലാണ്. റോഡ് നന്നായതോടെ വഴിവക്കിൽ താമസിക്കുന്നവർ ഭയപ്പാടോടെയാണ് കഴിയുന്നത്. അപകടത്തിൽപെട്ട് വരുന്ന വാഹനങ്ങൾ പലതും വീടുകളുടെ മതിലുകളിൽ ഇടിച്ച സംഭവങ്ങളുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ കൂട്ടിയിടികളും ഉണ്ടായിട്ടുണ്ട്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവാകുന്നത്. റോഡ് മിനുസപ്പെടുത്തി ടാർ ചെയ്തതോടെ വാഹനങ്ങളുടെ വേഗപ്പാച്ചിൽ കൂടി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെ എണ്ണവും വലിയതോതിൽ കൂടി. നേരത്തെ മറ്റുപല വഴികളിൽകൂടി ഹൈറേഞ്ച് ഭാഗത്തേക്ക് പോയിരുന്നവർ ഇപ്പോൾ ഇതുവഴിയാണ് യാത്ര. തമിഴ്നാട്ടിൽ നിന്നുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. തലനാട്- തീക്കോയി പഞ്ചായത്തുകളിൽപെട്ട ഇല്ലിക്കൽ, ഇലവീഴാപൂഞ്ചിറ, ചോനമല റൂട്ടിലും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ചേർത്തല സ്വദേശികളുടെ സ്കൂട്ടർ നിയന്ത്രണംവിട്ട് അപകടമുണ്ടായി.
മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള വാഹനയാത്രികർക്ക് ഇവിടുത്തെ വഴിയോ കയറ്റിറക്കമോ വളവുകളോ പരിചിതമല്ല. ഉല്ലാസയാത്രക്കിടയിൽ കുത്തിറക്കത്ത് അമിതവേഗതയിൽ വാഹനം ഓടിച്ച് വരുന്നതാണ് അപകടകാരണം. അപകടങ്ങൾ കുറക്കാൻ വളവുകളും പരമാവധി വേഗതയും വ്യക്തമാക്കുന്ന സൂചനാബോർഡുകളും കൂടുതൽ റിഫ്ലക്ടറുകളും സ്ഥാപിക്കുക, വാഗമൺ റൂട്ടിൽ മോട്ടോർവാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കർശനമാക്കുക, ടൂറിസ്റ്റ് മേഖലയിലൂടെ മദ്യപിച്ച് വാഹനമോടിക്കുന്നവരുണ്ടോ എന്നതടക്കം കൃത്യമായി പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഹൈറേഞ്ചിലേക്കും തമിഴ്നാട്ടിലേക്കും റോഡ് കടന്നുപോകുന്ന റൂട്ടിൽ എ.ഐ കാമറകളും പൊലീസ് സി.സി.ടി.വി കാമറകളും സ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.