ഈരാറ്റുപേട്ട: ഇരുചക്ര വാഹനം ഉൾപ്പെടെയുള്ള സാധനങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന വാഗ്ദാനത്തിൽ കുടുങ്ങി ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിൽ പണം നഷ്ടമായവർ നിരവധി. 800ലധികം പേരിൽനിന്ന് 3.5 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. പരാതിയുമായി വരുന്നവരെ കേസിൽ കക്ഷിചേർക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഇനിയും കൂടുതൽ പേർ പരാതിയുമായി വരാൻ സാധ്യതയുണ്ട്.
പ്രതി അനന്തു കൃഷ്ണനെ ശനിയാഴ്ച ഈരാറ്റുപേട്ടയിൽ കൊണ്ടുവന്നെങ്കിലും മറ്റക്കാട് ഭാഗത്താണ് തെളിവെടുപ്പ് നടത്തിയത്. ഈരാറ്റുപേട്ടയിലെ ഓഫിസിൽ കൊണ്ടുവരുമെന്നു കരുതി പലരും കാത്തുനിന്നിരുന്നു.
ഒരു വർഷം മുമ്പ് പൂഞ്ഞാർ റോഡിൽ എം.എൽ.പി.എസിന് സമീപത്ത് സൊസൈറ്റി ഓഫിസ് ആരംഭിച്ചത്. ഈരാറ്റുപേട്ട സോഷ്യോ എക്കണോമിക് ഡെവലപ്മെൻറ് സൊസൈറ്റി എന്ന പേരിൽ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസർച് ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസായാണ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ന്യൂനപക്ഷ വിഭാഗത്തിന് വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായവും ചെയ്യുമെന്നാണ് അറിയിച്ചത്. വീട് വീടാന്തരം കയറി ആളെ കണ്ടെത്തുന്നതിന് വനിത ജീവനക്കാരെയും നിയമിച്ചു. പകുതി വിലയ്ക്ക് ലാപ്ടോപ്പും മെഷീനും വാങ്ങിയ നൂറുകണക്കിന് പേരാണ് സ്കൂട്ടർ ലഭിക്കാൻ പകുതി തുക അടച്ചത്.
ആദ്യം ബുക്ക് ചെയ്ത കുറച്ചുപേർക്ക് വാഹനം കൊടുക്കാൻ രണ്ടുമാസം മുമ്പ് പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ മുഴുദിന പരിപാടി ഇവർ സംഘടിപ്പിച്ചു. രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉദ്ഘാടകരായി എത്തിച്ചേരുകയും ചെയ്തു.
അനന്തു അറസ്റ്റിലായതിനെ തുടർന്ന് ഓഫിസ് പൂട്ടി പൊലീസ് സീൽ വെച്ചതോടെ തട്ടിപ്പ് മനസിലാക്കിയവരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്. പരാതിയുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.