ഈരാറ്റുപേട്ട: കരളിന് ഗുരുതരരോഗം ബാധിച്ച യുവാവിനായി നാട് കൈകോർക്കുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കടലാടിമറ്റം എഴുമേൽ ശ്യാം ശശിയാണ് (37) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശ്യാം.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലിചെയ്തുവരികയായിരുന്നു. വിട്ടുമാറാത്ത പനിയുമായി വിവിധ ആശുപത്രികളിൽ ചികിത്സതേടിയ ശ്യാമിന്റെ രോഗം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ജീവൻ രക്ഷാസമിതി കാരുണ്യസ്പർശം പദ്ധതിയിലൂടെ ശസ്ത്രക്രിയക്ക് ആവശ്യമായ 22 ലക്ഷത്തോളം രൂപക്കായി പൊതുധന സമാഹരണം നടത്തുകയാണ്. 26ന് പെരിങ്ങളം, അടിവാരം വാർഡുകളിലും 27ന് ബാക്കി വാർഡുകളിലും ധനസമാഹരണം നടത്തും.
ജീവൻ രക്ഷാസമിതി പ്രവർത്തനങ്ങൾ പഞ്ചായത്തിലെ അർഹരായ രോഗികളുടെ അവയവമാറ്റ ശസ്ത്രക്രിയക്കും തുടർചികിത്സകൾക്കും മാത്രമായി രൂപവത്കരിച്ചതാണ്. മുഖ്യ രക്ഷാധികാരികളായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആന്റോ ആന്റണി എം.പി, ജോസ് കെ.മാണി എം.പി എന്നിവരും രക്ഷാധികാരിയായി ഫാ. ചാണ്ടി കിഴക്കയിൽ, ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്തിയാലിൽ, ജനറൽ കൺവീനർ ബൈജു മണ്ഡപത്തിക്കുന്നേൽ (സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ), ജോയന്റ് കൺവീനേഴ്സ് ടി.എസ്. സ്നേഹാധനൻ, ദേവസ്യാച്ചൻ വാണിയപ്പുര തുടങ്ങിയവരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.