ഈരാറ്റുപേട്ട: ടൗണിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം പാളാൻ പൊലീസിന്റെ മെല്ലപ്പോക്ക് കാരണമാകുന്നതായി ആക്ഷേപം. തുടക്കത്തിൽ ഗതാഗതം നിയന്ത്രിക്കാനും നിയമലംഘകരെ കണ്ടെത്താനും പൊലീസും ഹോം ഗാർഡും സജീവമായിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറിയതായാണ് പരാതി.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് നഗരത്തിൽ ട്രാഫിക് സംവിധാനം നടപ്പാക്കിയത്. ഗതാഗതക്കുരക്കിൽ വീർപ്പുമുട്ടിയിരുന്ന അഹമ്മദ് കുരിക്കൽ നഗർ പ്രദേശത്ത് നടപ്പാക്കിയ മാറ്റം കുരുക്കിന് ആശ്വാസം പകർന്നിരുന്നു.
അനധികൃതമായി വട്ടംചുറ്റിയിരുന്ന ഓട്ടോകളെ നിയന്ത്രിച്ചതും അധികസമയം ബസുകളെ സ്റ്റോപ്പിൽ കിടക്കാൻ അനുവദിക്കാതിരുന്നതുമാണ് കരുക്ക് കുറയാൻ കാരണമായത്.
ഒപ്പം അഹമ്മദ് കുരിക്കലിൽനിന്നും മാർക്കറ്റിലേക്കുള്ള റോഡ് വൺവേ ആക്കിയത് ആ ഭാഗത്തെ തിരക്ക് കുറക്കാൻ കഴിഞ്ഞു. കാഞ്ഞിരപ്പള്ളി റോഡിൽനിന്നും മുഹ്യിദ്ദീൻ പള്ളി കോസ് വഴി വരുന്ന വാഹനങ്ങൾ സെൻട്രൽ ജങ്ഷൻ ചുറ്റി വാഗമൺ, പൂഞ്ഞാർ ഭാഗത്തേക്ക് പോകണം എന്നായിരുന്നു തീരുമാനം.
എന്നാൽ, ഇപ്പോൾ പൊലീസ് ശ്രദ്ധിക്കാത്തതിനാൽ റോഡിലെ ബാരിക്കേഡ് തീരുന്ന ഭാഗത്തുനിന്ന് വാഹനങ്ങൾ യുടേൺ എടുക്കുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇവിടെ വാഹനം തിരിയരുത് എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടങ്കിലും ആരും ശ്രദ്ധിക്കാറില്ല. അനധികൃതമായി കറങ്ങുന്ന ഓട്ടോകൾക്ക് സഹകരണ ബാങ്കിന് മുന്നിൽ സ്റ്റാൻഡ് അനുവദിച്ചെങ്കിലും പൂർണമായി വിജയത്തിലേക്ക് എത്തിയിട്ടില്ല. ബസിൽ വന്ന് ഇറങ്ങുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പുളിക്കൽ ഷോപ്പിങ് മാളിനുള്ളിൽ അധിക ഓട്ടോകൾ കറങ്ങുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന കാമറകൾ പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.