എരുമേലി: മതമൈത്രിയുടെ മണ്ണിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘം പേട്ടതുള്ളുമ്പോൾ പതിനായിരങ്ങൾ സാക്ഷിയായി. ആകാശത്ത് ശ്രീകൃഷണപ്പരുന്ത് വട്ടമിട്ട് പറന്നപ്പോഴും പകൽവെളിച്ചത്തിൽ മാനത്ത് നക്ഷത്രം ഉദിച്ചപ്പോഴും ഭക്തർ ശരണം വിളിച്ചു. ഇരുദേശക്കാരുടെയും പേട്ടതുള്ളൽ വീക്ഷിക്കാൻ ജാതിമതഭേദമന്യേ ജനങ്ങൾ തെരുവോരങ്ങളിൽ തിങ്ങിനിറഞ്ഞു. അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പം പകർന്നു നൽകി എരുമേലി മഹല്ല മുസ്ലിം ജമാഅത്തും പങ്കാളികളായി.
എരുമേലി ടൗണിൽ മുഖാമുഖം നിൽക്കുന്ന മുസ്ലിം പള്ളിയും അമ്പലവും മതസാഹോദര്യത്തിന്റെ നേർക്കാഴ്ചയാണ്. ശനിയാഴ്ച നടന്ന എരുമേലി പേട്ടതുള്ളലിന് ഐക്യദാർഢ്യവുമായാണ് വെള്ളിയാഴ്ച രാത്രി ജമാഅത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുടം മഹോത്സവം ആഘോഷിച്ചത്. ചന്ദനക്കുടവും പേട്ടതുള്ളലും ജനങ്ങളുടെ കണ്ണിനും കാതിനും കുളിരേകി. ചന്ദനക്കുടം, പേട്ടതുള്ളൽ സമയങ്ങളിൽ എരുമേലിയിൽ സുരക്ഷ ശക്തമാക്കി പൊലീസും വാഹന വകുപ്പും മറ്റ് സർക്കാർ വകുപ്പുകളും സജീവമായി രംഗത്തുണ്ടായിരുന്നു. നിലവിൽ ഉണ്ടായിരുന്നതിലുമധികം പൊലീസ് ഉദ്യോഗസ്ഥരെ എരുമേലിയിൽ വിന്യസിച്ചു. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളൽ അവസാനിച്ചത്. ഇതിന് ശേഷമാണ് എരുമേലിയിലെ ഗതാഗത ക്രമീകരണങ്ങൾക്കും അയവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.