എരുമേലി: കുത്തിയൊഴുകിയെത്തിയ മലവെള്ളത്തിൽ ജീവിതമാർഗങ്ങൾ നഷ്ടപ്പെടുമ്പോഴും അതൊന്നും വകവെയ്ക്കാതെ മൂന്നു ജീവനുകൾ രക്ഷിച്ച റോബിന് നാടിന്റെ സ്നേഹാദരം. പമ്പാവാലി സ്വദേശി പുതിയത്ത് റോബിൻ തോമസിനാണ് പുതുവർഷത്തിൽ വരുമാനമാർഗം തിരികെ നൽകി നാടിന്റെ കരുതൽ.
2021 ഒക്ടോബറിൽ ഉണ്ടായ ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലുമാണ് റോബിന് തന്റെ ഏക വരുമാന മാർഗമായ ഓട്ടോ നഷ്ടപ്പെടുന്നത്. നിനച്ചിരിക്കാത്ത നേരത്ത് മിന്നൽ വേഗത്തിൽ എത്തിയ പ്രളയം മൂലം അപകടത്തിൽപെട്ടുപോയ അയൽവീട്ടിലെ മൂന്നു സ്ത്രീകളെയും അവരുടെ കുട്ടികളെയും സ്വന്തം ജീവൻ പണയപ്പെടുത്തി റോബിൻ രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പാഞ്ഞുവന്ന മലവെള്ളത്തിൽ ഒലിച്ചുപോയി.
രക്ഷാപ്രവർത്തനത്തിനിടെ തലയ്ക്കു പരിക്കേറ്റതിനാൽ മറ്റ് ജോലി ചെയ്യാൻ കഴിയാതെയായി. ഇതിനിടെ റോബിന്റെ ദുരന്ത അനുഭവം ശ്രദ്ധയിൽപ്പെട്ട കേരള കോൺഗ്രസ് എം പ്രവർത്തകർ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇവർ കഴിഞ്ഞദിവസം ഓട്ടോ വാങ്ങി റോബിന് കൈമാറി. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഓട്ടോ കൈമാറി. കേരള കോൺഗ്രസ് എം ഏയ്ഞ്ചൽവാലി വാർഡ് കമ്മിറ്റി പ്രസിഡന്റ് ലിൻസ് വടക്കേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് കൊല്ലറാത്ത് മുഖ്യ പ്രഭാഷണം നടത്തി. എരുമേലി മണ്ഡലം പ്രസിഡന്റ് സഖറിയ ഡോമിനിക്, തോമസ് വട്ടോടിയിൽ, കെ.കെ ബേബി കണ്ടത്തിൽ, സിബി കൊറ്റനെല്ലൂർ, ജോബി ചെമ്പകത്തുങ്കൽ, അഡ്വ. ജോബി നെല്ലോലിപോയ്കയിൽ, ജോബി കാലാപ്പറമ്പിൽ, ബിനു തത്തക്കാടൻ, സോണി കാറ്റോട്ട്, മിഥിലാജ് പുത്തൻവീട്ടിൽ, അനസ് പ്ലാമൂട്ടിൽ, അജു മലയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.