കോട്ടയം: ഒരു തിരി കൊളുത്തിയാൽ പീലിവിരിക്കുന്ന മയിൽ, പറക്കുന്ന ഹെലികോപ്ടർ, 36 ഷോട്ടിന്റെ എം16, തണ്ടർബീറ്റ് എന്നിവയാണ് ഇത്തവണത്തെ വിഷുവിപണി കീഴടക്കാൻ എത്തിയ പടക്കശേഖരങ്ങൾ. ഒന്നു മുതൽ 240 വരെ ഷോട്ടുകളുടെ ചൈനീസ് പടക്കങ്ങളാണ് ഇത്തവണയും പടക്കവിപണി കീഴടക്കാനെത്തിയിരിക്കുന്നത്. കൂടാതെ മാർക്കോ, തഗ് ലൈഫ്, കാന്താര എന്നീ സിനിമകളുടെ പേരിലിറങ്ങിയ പടക്കങ്ങളും വിപണിയിലുണ്ട്. 20 മുതൽ 100 രൂപ വരെയാണ് കമ്പിത്തിരിക്കും പൂക്കുറ്റിക്കും വില. പീകോക്ക്: 240-450, ഹെലികോപ്ടർ: 250 (10 പീസ്), ബട്ടർ ഫ്ലൈ: 350, 240 ഷോട്ടിന്റെ തണ്ടർബീറ്റ്: 3500 രൂപ എന്നിങ്ങനെ പോകുന്നു പടക്കങ്ങളുടെ വിപണിവില.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണയും പടക്കങ്ങൾക്ക് വിലകൂടിയതായി വ്യാപാരികൾ പറയുന്നു. ദീപാവലിക്കാണ് ശിവകാശിയിൽ പടക്കങ്ങളുടെ വില ഉയർന്നത്. അത് അടുത്ത ദീപാവലി സീസൺ വരെ നിലനിൽക്കും. ഇതിനനുസരിച്ചാണ് കേരളത്തിലും പടക്കങ്ങളുടെ വിലയിൽ വ്യത്യാസം വരുന്നത്. തെക്കൻ കേരളത്തിൽ ക്രിസ്മസിനും ന്യൂ ഇയറിനുമാണ് പടക്കവിപണി സജീവമാകുന്നത്. വിഷുവിന് പ്രതീക്ഷിച്ച കച്ചവടം ഉണ്ടാകാറില്ലെന്നും വിലക്കയറ്റം പടക്കവിപണിക്കും പ്രതികൂല സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു.
വിഷുവിന്റെ തലേദിവസം മാത്രമാണ് പടക്കവിപണിയിൽ തിരക്കേറുന്നത്. അതേസമയം, സുരക്ഷയില്ലാതെയും നികുതി വെട്ടിച്ചും ഓണ്‍ലൈന്‍ പടക്കക്കച്ചവടം സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നുവെന്ന ആക്ഷേപവുമുണ്ട്. ലൈസന്‍സോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ശിവകാശിയില്‍ നിന്ന് നേരിട്ട് പടക്കങ്ങള്‍ എത്തുന്നത്. ഇത്തരം പടക്കങ്ങള്‍ സുരക്ഷ, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.