കോട്ടയം: അഗ്നിരക്ഷാ നിലയങ്ങളുടെ അഭാവം മലയോരത്തിന് ആശങ്കയാകുന്നു. ജില്ലയിലെ മുണ്ടക്കയത്തടക്കം അഞ്ച് കേന്ദ്രത്തില്‍കൂടി പുതിയതായി അഗ്നിരക്ഷാ നിലയങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ഫയര്‍ സ്റ്റേഷന് ഓഫിസ് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ടെങ്കിലും തുടർനടപടിയായിട്ടില്ല. പ്രകൃതി ദുരന്തങ്ങളടക്കം ഉണ്ടാകുമ്പോൾ അവിടേക്ക് കൃത്യസമയത്ത് എത്താൻ അഗ്നിരക്ഷാസേന നെട്ടോട്ടമോടുന്നത് പതിവാണ്. ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നതും വേഗത്തിലെത്താൻ തടസ്സമാണ്. ഇതിന് പരിഹാരമായി ജില്ലയുടെ മലയോര മേഖലകളിലടക്കം കൂടുതല്‍ അഗ്നിരക്ഷാ നിലയങ്ങൾ സ്ഥാപിക്കണമെന്നാവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും പുരോഗതിയുണ്ടായിട്ടില്ല.
മുണ്ടക്കയം, ചിങ്ങവനം, ഏറ്റുമാനൂര്‍, കുമരകം, എരുമേലി എന്നിവിടങ്ങളിൽ ഓഫിസുകള്‍ തുറക്കണമെന്നാണ് വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ, നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. ചിലയിടങ്ങളിൽ സ്ഥലമാണ് തടസ്സമെങ്കിൽ മറ്റിടത്ത് സ്ഥലം ലഭിച്ചിട്ടും സർക്കാർ അനുമതിയില്ല. മുണ്ടക്കയത്ത് കെ.എസ്.ആര്.ടി.സിക്കുവേണ്ടി ഒരുക്കിയ സ്ഥലം സേനക്കായി വിട്ടുനല്‍കാന്‍ പഞ്ചായത്ത് ഒരുക്കമാണ്. പക്ഷേ, സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടില്ല. മലയോരമേഖലകളിലേക്ക് വേഗത്തിലെത്താൻ മുണ്ടക്കയത്ത് സ്റ്റേഷൻ വന്നാൽ വേഗത്തിൽ കഴിയുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. മഴക്കാലത്ത് അപകടങ്ങൾ സംഭവിക്കുന്ന മേഖലകൂടിയാണിത്. വെള്ളച്ചാട്ടങ്ങളിലുംപെട്ട് അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
എരുമേലിയില്‍ ഭരണാനുമതിയുണ്ടെങ്കിലും സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആയിട്ടില്ല. ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് താൽക്കാലികമായി സ്റ്റേഷൻ തുറക്കുകയാണ് പതിവ്. ഇതിനുപകരം സ്ഥിരം സ്റ്റേഷനെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുമരകത്ത് അഗ്നിരക്ഷാനിലയം ആരംഭിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ നാലുകോടി അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലം സംബന്ധിച്ച് അന്തിമ അനുമതിയായിട്ടില്ല. രാജ്യാന്തര വിനോദ സഞ്ചാര മേഖലയെന്ന നിലയിലാണ് കുമരകത്ത് അഗ്നിരക്ഷാ നിലയം സ്ഥാപിക്കാനുള്ള തീരുമാനം. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അനുമതിയായിട്ടുണ്ടെങ്കിലും സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇഴഞ്ഞുനീങ്ങുകയാണ്. കായലിലടക്കം അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തണമെന്നതാണ് സ്ഥിതി. ഏറ്റുമാനൂരില്‍ കോടതിപ്പടിക്കു സമീപം സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിടം പണിക്ക് അനുമതി ലഭിച്ചിട്ടില്ല. മെഡിക്കല്‍ കോളജുകൂടി ഉള്‍പ്പെടുത്തുന്ന ഏറ്റുമാനൂരില്‍ എത്രയുംവേഗം നിലയം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നാണ് അഗ്നിരക്ഷാസേന ഇപ്പോള്‍ ഏറ്റുമാനൂരില്‍ എത്തുന്നത്.
ചിങ്ങവനത്തെ നിലയം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണുള്ളത്. സ്ഥലം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല. പൂവന്തുരുത്ത്, കുറിച്ചി, പനച്ചിക്കാട് മേഖലകളെ ഉദ്ദേശിച്ചാണ് ചിങ്ങവനത്ത് അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം. എന്നാൽ, അന്തിമതീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.