പൊൻകുന്നം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ഏഴിടത്തും എൽ.ഡി.എഫിനാണ് ഭരണം. ഇതിനൊപ്പം ഇത്തവണ എം.എൽ.എയും ഒപ്പമുണ്ടെന്നത് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം ഒപ്പം നിൽക്കുന്ന പാരമ്പര്യം കാഞ്ഞിരപ്പള്ളി ഇത്തവണയും കൈവിടില്ലെന്നാണ് യു.ഡി.എഫ് വിശ്വാസം.
കേരള കോൺഗ്രസിന്റെ രൂപവത്കരണത്തിന് കാരണഭൂതനായ മൺമറഞ്ഞ പി.ടി. ചാക്കോയുടെയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെയും കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന പ്രഫ. കെ. നാരായണകുറുപ്പിന്റെയും കർമമണ്ഡലമായിരുന്ന പഴയ വാഴൂർ നിയോജക മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് കാത്തിരപ്പള്ളി മണ്ഡലത്തിൽ 9743 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കേരള കോൺഗ്രസിന് നിർണായകമായ സ്വാധീനമുള്ള മണ്ഡലമാണിത്. കേരള കോൺഗ്രസ് എം എൽ.ഡി.എഫിൽ ചേർന്ന ശേഷം ആദ്യം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പെന്ന നിലയിൽ കരുത്ത് തെളിയിക്കേണ്ടത് അവരുടെയുംകൂടി അവശ്യകതയാണ്.
2011ലാണ് ഇന്നത്തെ രീതിയിലുള്ള കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നിലവിൽ വരുന്നത്. അന്ന് മുതൽ കേരള കോൺഗ്രസ് എമ്മിലെ ഡോ. എൻ. ജയരാജാണ് നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. 2006ൽ അദ്ദേഹം വാഴൂരിൽനിന്നുള്ള എം.എൽ.എയായിരുന്നു. 2006ൽ വാഴൂരിൽനിന്നും 2011, 2016 വർഷങ്ങളിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും യു.ഡി.എഫ് പ്രതിനിധിയായി നിയമസഭയിൽ എത്തിയെങ്കിൽ 2021ൽ എൽ.ഡി.എഫ് പ്രതിനിധിയായി ഡോ. എൻ. ജയരാജ് മിന്നുംവിജയം നേടി. 2016ൽ യു.ഡി.എഫിൽ നിൽക്കുമ്പോൾ സി.പി.ഐയിലെ അഡ്വ. വി.ബി. ബിനുവിനെ 3890 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2021ൽ കേരള കോൺഗ്രസ് എം എൽ.ഡി.എഫിലെത്തിയ ശേഷം മത്സരിക്കുമ്പോൾ കോൺഗ്രസിലെ ജോസഫ് വാഴക്കനെ 13,703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
ഈ കണക്കുകളാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ ഇടതിന്റെ ആത്മവിശ്വാസം. എന്നാൽ, കഴിഞ്ഞ മൂന്നു തവണയും മിന്നുംവിജയം നേടിയ കരുത്തിലാണ് യു.ഡി.എഫ് പോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽനിന്നും 36,628 വോട്ട് നേടിയിരുന്നു. ഇതാണ് മണ്ഡലത്തിലെ ബി.ജെ.പിക്ക് ആവേശം നൽകുന്നത്.
മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം റബർ വിലയും വികസന പ്രവർത്തനങ്ങളുമാണ്. ചില ഭാഗങ്ങളിൽ കുടിവെള്ള പ്രശ്നവും ചർച്ചാവിഷയമാണ്. ഇതോടൊപ്പം ദേശീയ-സംസ്ഥാന രാഷ്ടീയ വിഷയങ്ങളും ചർച്ചയാണ്. മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ കാഞ്ഞിരപ്പള്ളി ബൈപാസും തകർന്ന ഗ്രാമീണ റോഡുകളുമാണ്. നാലാമതും ആന്റോ ആന്റണി വിജയം നേടുമെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോൾ ഡോ. ടി.എം. തോമസ് ഐസക്കിലൂടെ അട്ടിമറി വിജയം നേടുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. അനിൽ കെ. ആന്റണിയിലൂടെ അട്ടിമറിയാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
ആന്റോ ആന്റണി (യു.ഡി.എഫ്) - 55,330
വീണ ജോർജ് (എൽ.ഡി.എഫ്) -45,587
കെ. സുരേന്ദ്രൻ (എൻ.ഡി.എ) -36,628
ചിറക്കടവ്, വാഴൂർ, കറുകച്ചാൽ, കങ്ങഴ, വെള്ളാവൂർ, മണിമല, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരിക്കുമ്പോൾ നെടുംകുന്നം യു.ഡി.എഫിനും പള്ളിക്കത്തോട് ബി.ജെ.പിക്കുമൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.