കാഞ്ഞിരപ്പള്ളി: 102ലും പരീതുമ്മ കോവിഡിനെ പൊരുതി തോൽപിച്ചു. കാഞ്ഞിരപ്പള്ളി ആനക്കൽ എറികാട് കന്നുപറമ്പിൽ പരേതനായ ഹസൻ പിള്ളയുടെ ഭാര്യ പരീതുമ്മയാണ് നൂറ്റിരണ്ടാം വയസ്സിൽ കോവിഡിനെ തോൽപിച്ചത്. കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റിവായ നൂറുവയസ്സ് പിന്നിട്ട, കോട്ടയം ജില്ലയിലെ ആദ്യത്തെയാളും പരീതുമ്മതന്നെ.
വാർധക്യസഹജമായ രോഗങ്ങളിൽ കഴിഞ്ഞിരുന്ന പരീതുമ്മ ആശുപത്രിയെ ആശ്രയിക്കാതെയാണ് കോവിഡിന് മുന്നിൽ വിജയം നേടിയത്. 39 വർഷം മുമ്പ് ഭർത്താവ് ഹസൻ പിള്ള മരിച്ചശേഷം മക്കളുടെ കൂടെയാണ് താമസം. ഏഴ് മക്കളിൽ നാലാമനായ സീതിയുടെ കൂടെ എറികാട്ടിലെ വീട്ടിലാണ് താമസിച്ചുവന്നത്. ആദ്യം സീതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജലദോഷത്തെ തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഉമ്മയ്ക്ക് കോവിഡ് ആെണന്ന് അറിഞ്ഞത്. നൂറ്റിരണ്ടുകാരിയായ മാതാവിന് രോഗം സ്ഥിരീകരിച്ചതോടെ സീതിയും ഭാര്യ ലൈലയും ഒന്ന് ഭയന്നു.
നടക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മയെ ആശുപത്രിയിൽ തനിച്ചാക്കാനും കഴിയില്ല. ആരോഗ്യ വകുപ്പിൽ അറിയിച്ചതോടെ ബുദ്ധിമുട്ടിെല്ലങ്കിൽ വീട്ടിൽ താമസിപ്പിക്കാമെന്ന് അറിയിച്ചു. പിന്നെ 17 ദിവസം ഇവർക്കൊപ്പം. മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ഒടുവിൽ പരിശോധനയിൽ മൂവരും നെഗറ്റിവ്. നൂറ്റിരണ്ടാം വയസ്സിൽ കോവിഡിനോട് പൊരുതി വിജയിക്കുക എന്നത് എല്ലാവരും ആശങ്കയോടെയാണ് വീക്ഷിച്ചത്.
എന്നാൽ, ഒരു പ്രതിസന്ധിയുമില്ലാതെ വിജയിച്ചതിൽ പരീതുമ്മയും കുടുംബവും സർവശക്തന് നന്ദി പറയുന്നു. 102ലും കണ്ണടയില്ലാതെ പത്രം വായിക്കും ഈ പഴയ നാലാം ക്ലാസുകാരി. കേൾവിയിൽ അൽപം കുറവുണ്ട്. ഏഴ് മക്കളിൽ മൂത്ത മകൻ 80ാം വയസ്സിലും ഇളയ മകൻ 60ാം വയസ്സിലും മരിച്ചു. വീടിെൻറ ഇടത്തിണ്ണയിലിരുന്ന് എല്ലാവരുടെയും രോഗവിവരവും കുശലവും അന്വേഷിച്ച് പരീതുമ്മ പ്രാർഥിക്കുന്നു. കോവിഡില്ലാത്ത നാടിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.