കോട്ടയം: സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം മാത്രം ശേഷിക്കെ വാർഷിക പദ്ധതി നിർവഹണം പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നെട്ടോട്ടത്തിൽ. ജില്ലയിലെ നഗരസഭകളും പഞ്ചായത്തുകളും ഇതുവരെ 50 ശതമാനത്തിലെത്തിയിട്ടില്ല. ഒരു ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് 50 ശതമാനം കടന്നത്. മാർച്ച് 31നകം പരമാവധി പദ്ധതികൾ തട്ടിക്കൂട്ടി നടപ്പാക്കാനാകും ഇനിയുള്ള ശ്രമം. സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കാതെ അവസാന സമയം ഓട്ടമത്സരം നടത്തുന്ന പതിവിന് മാറ്റമുണ്ടാവില്ല. ജില്ലയിൽ പൂർത്തിയായത് 38.28 ശതമാനം പ്രവൃത്തികൾ മാത്രമാണ്. വിവിധ പദ്ധതികൾക്ക് നീക്കിവെച്ച 382.58 കോടിയിൽ 146.46 കോടിയാണ് ചെലവഴിച്ചത്. 16359 പദ്ധതികൾക്കാണ് ഡി.പി.സി അംഗീകാരം ലഭിച്ചത്.
സംസ്ഥാനത്ത് ഏഴാമതാണ് ജില്ല. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ 88.25 ശതമാനം ചെലവഴിച്ച് ജില്ല രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ജില്ല പഞ്ചായത്തിന്റെ പദ്ധതി നിർവഹണം 40.76 ശതമാനമാണ്. 52.11 കോടിയിൽ 21.24 കോടിയാണ് ചെലവഴിച്ചത്. 654 പദ്ധതികൾക്കാണ് ഡി.പി.സി അംഗീകാരം ലഭിച്ചത്. സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് നിലവിൽ ജില്ല പഞ്ചായത്ത്.
ഫണ്ട് ചെലവഴിച്ച നഗരസഭകളിൽ പാലായാണ് മുന്നിൽ- 34.22 ശതമാനം. പദ്ധതി തുകയായ 3.74 കോടി രൂപയിൽ 1.28 കോടിയാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷം 102.73 ശതമാനം പദ്ധതി നിർവഹിച്ച് സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തായിരുന്നു. ഏറ്റുമാനൂർ- 31.08 ശതമാനം. 7.98 കോടിയിൽ 2.48 കോടി ചെലവഴിച്ചു. ചങ്ങനാശ്ശേരി- 30.93 ശതമാനം. 8.73 കോടിയിൽ 2.70 കോടി ചെലവഴിച്ചു. വൈക്കം- 28.69 ശതമാനം. 5.02 കോടിയിൽ 1.44 കോടി ചെലവാക്കി. ഈരാറ്റുപേട്ട-24.01 ശതമാനം. 5.04 കോടിയിൽ 1.21 കോടി ചെലവഴിച്ചു. കോട്ടയം- 18.83 ശതമാനം. 27.78 കോടിയിൽ 5.23 കോടിയാണ് ചെലവാക്കിയത്. കോട്ടയം കഴിഞ്ഞ വർഷം 91.89 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് 15ാം സ്ഥാനത്തായിരുന്നു. പഞ്ചായത്തുകളിൽ പായിപ്പാടാണ് ഒന്നാമത്. 49.84 ശതമാനം. 3.19 കോടിയിൽ 1.59 കോടി ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ 51.75 ശതമാനം പദ്ധതി നിർവഹണവുമായി കടുത്തുരുത്തിയാണ് മുന്നിൽ. 4.85 കോടിയിൽ 2.51 കോടി ചെലവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.