കോട്ടയം: ചൂട് റെക്കോഡുകൾ ഭേദിച്ച് മുന്നേറുമ്പോൾ, കാർഷികമേഖലയിലും വൻനാശം. ചൂടേറ്റ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഏത്തവാഴകൾ നശിച്ചു. കുലച്ചതും കുലക്കാത്തതുമായ വാഴകളാണ് ഒടിഞ്ഞുവീണത്. തണ്ടിന്റെ പകുതിഭാഗത്തുവെച്ച് വാടിയാണ് വാഴകൾ ഒടിഞ്ഞുവീഴുന്നത്. പിണ്ടിയിലെ ജലാംശം കുറയുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം. ചിലത് ഉണങ്ങിക്കരിഞ്ഞ നിലയിലുമാണ്.
കഴിഞ്ഞ ദിവസങ്ങളിലായി പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം, കറുകച്ചാൽ, നെടുകുന്നം എന്നിവിടങ്ങളിലായി പാതിവളർച്ചയെത്തിയ ആയിരത്തിലേറെ ഏത്തവാഴകളാണ് നശിച്ചത്. കുലച്ച വാഴകളും ഇതിലുണ്ട്. ഇത് കർഷകർക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. തോരന്‍ പോലും എടുക്കാൻ കഴിയുന്നതിനുമുമ്പാണ് കുലകൾ ഒടിഞ്ഞുവീണതെന്ന് കർഷകനായ എബി ഐപ്പ് പറഞ്ഞു. ഇടക്ക് വേനൽമഴ ലഭിച്ചതും തിരിച്ചടിയായെന്ന് കർഷകർ പറയുന്നു. ഒറ്റദിവസമാണ് പലയിടങ്ങളിലും മഴ ലഭിച്ചത്. തുടർമഴ ലഭിക്കാതിരുന്നത് പ്രതികൂലമായി. ഇതോടെ കൂടുതൽ വാഴകൾ നശിച്ചതായും ഇവർ പറയുന്നു. തുടർച്ചയായി വേനൽമഴ പെയ്തില്ലെങ്കിൽ വലിയ നഷ്ടമാണ് കർഷകരെ കാത്തിരിക്കുന്നത്.
മണിമല, കടയനിക്കാട്, ഉള്ളായം, പാറക്കാട് എന്നിവിടങ്ങളിലും വേനൽച്ചൂട് വിനയായി. അപ്രതീക്ഷമായ കനത്ത ചൂടിൽ ജലസ്രോതസ്സുകള്‍ വേഗത്തിൽ വറ്റിവരണ്ടതും കർഷകർക്ക് തിരിച്ചടിയായി. ചില കർഷകർ നനച്ചെങ്കിലും അതും ഗുണകരമായില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
ഓണവിപണി ലക്ഷ്യമിട്ട് പലരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ഒപ്പം വായ്പയെടുത്തും കടം വാങ്ങിയും വാഴ നട്ടവരുമുണ്ട്. ഇവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഓണവിപണിയിൽ വിലക്കയറ്റത്തിന് ഇത് ഇടയാക്കിയേക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കൃഷിഭവനുകളിൽ പരാതി നൽകിയെങ്കിലും വേഗത്തിൽ നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വരൾച്ച മൂലമാണ് കൃഷിനാശമെന്ന് റിപ്പോർട്ട് നൽകിയാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. എന്നാൽ, ഇതിനുള്ള നടപടികളിലേക്ക് കൃഷിവകുപ്പ് അധികൃതർ കടന്നിട്ടില്ല. ഇതുമൂലം നാമമാത്രമായ നഷ്ടപരിഹാരം പോലും കിട്ടാൻ ഏറെ വൈകുമെന്നും കർഷകർ പറയുന്നു. നഷ്ടപരിഹാരം കൃത്യമായി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പച്ചക്കറി കൃഷിക്കും വലിയ തോതിൽ നാശം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.