കോട്ടയം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ ഇഴയുന്നു. സാമ്പത്തികവർഷം തുടങ്ങി ആറുമാസം പിന്നിടുമ്പോഴും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും 25 ശതമാനം ഫണ്ടുപോലും ചെലവഴിച്ചിട്ടില്ല. പദ്ധതി തുക ചെലവഴിച്ചതിൽ നിലവിൽ സംസ്ഥാനത്ത് 11ാം സ്ഥാനത്താണ് ജില്ല.
27.86 ശതമാനം തുക ചെലവഴിച്ച വൈക്കം ബ്ലോക്കാണ് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ മുന്നിൽ. മാടപ്പള്ളി പഞ്ചായത്ത്- 27.66, കടുത്തുരുത്തി ബ്ലോക്ക്- 27.54, മാടപ്പള്ളി ബ്ലോക്ക്- 27.06 എന്നിങ്ങനെയാണ് ജില്ലയിൽ കൂടുതൽ തുക ചെലവഴിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങൾ. കോരുത്തോട് പഞ്ചായത്തും 26 ശതമാനം തുക ചെലവഴിച്ചു.
ജില്ല പഞ്ചായത്ത് 20 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് ഇതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ജില്ലയിലെ നഗരസഭകൾ സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലാണ്. 14 ശതമാനം തുക ചെലവഴിച്ച വൈക്കമാണ് ജില്ലയിൽ മുന്നിൽ. ബാക്കി എല്ലാ നഗരസഭകളും അഞ്ച് ശതമാനത്തിൽ താഴെയാണ് ചെലവഴിച്ചിട്ടുള്ളത്. ഏറ്റവും പിന്നിലുള്ള കോട്ടയം മൂന്ന് ശതമാനം തുക മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. ഫണ്ടുകൾ കൃത്യമായി ചെലവഴിക്കാത്തിനാൽ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ അടക്കം ഇഴയുകയാണ്. ഗ്രാമീണ റോഡുകളിൽ ഭൂരിഭാഗവും തകർന്നുകിടക്കുകയാണ്.
പല തദ്ദേശ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരെയാണ് ഇതിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഉദ്യോഗസ്ഥതലത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് പദ്ധതികൾ ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ജനപ്രതിനിധികൾ പറയുന്നു. ഉദ്യോഗസ്ഥ അലംഭാവത്തിനൊപ്പം കരാറുകാർ നിർമാണങ്ങൾ ഏറ്റെടുക്കാത്തതും തിരിച്ചടിയാകുന്നുണ്ട്.
ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാൻ കരാറുകാർ തയാറാകുന്നില്ല. തുടർച്ചയായ മഴയും ജോലികളെ ബാധിക്കുന്നുണ്ട്. കാലവർഷം ആരംഭിച്ചശേഷം ഒട്ടുമിക്ക ദിവസങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇതുമൂലം നിർമാണജോലികൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും ഇവർ പറയുന്നു. ഫയലുകളുടെ തുടർ നടപടികൾ വകുപ്പുകൾ വൈകിപ്പിക്കുന്നതായും ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. അടുത്ത മാസങ്ങളിലായി കൂടുതൽ തുക ചെലവഴിക്കുമെന്നും തുടക്കമായതിനാലാണ് മെല്ലെപ്പോക്കുണ്ടാകുന്നതെന്നും തദ്ദേശ ഭരണസമിതികൾ പറയുന്നു. അടുത്തവർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ, ഈ വർഷമാണ് ഫണ്ടുകൾ പൂർണമായി ചെലവഴിക്കാൻ കഴിയുക. എന്നിട്ടും മെല്ലെപ്പോക്ക് തുടരുന്നതിൽ വിമർശനവും ഉയരുന്നുണ്ട്.
ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് സാമ്പത്തികവർഷത്തിൽ അവസാനത്തിൽ നെട്ടോട്ടത്തിലും കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.