ചങ്ങനാശ്ശേരി: കോടികള്‍ ജലരേഖയാക്കിയ മനക്കച്ചിറ ടൂറിസം പദ്ധതിയില്‍ വീണ്ടും പോള നിറഞ്ഞു. ടൂറിസം പദ്ധതി തുകക്കു പുറമെ കോടികള്‍ ചെലവഴിച്ചിട്ടും എ.സി. കനാലിലെ പോളകള്‍ സ്ഥിരമായി നീക്കാൻ അധികൃതര്‍ക്കായിട്ടില്ല. സി.എഫ്. തോമസ് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 2017 മാര്‍ച്ചില്‍ ജലസേചനവകുപ്പ് 11.66 ലക്ഷം രൂപ അനുവദിച്ചു പോള നീക്കിയിരുന്നു. സംരക്ഷണമില്ലാതായതോടെ വീണ്ടും പോള കയറി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് സമാന്തരമായി എ.സി. കനാലില്‍ മനക്കച്ചിറ മുതലാണ് പോള നിറഞ്ഞത്. എ.സി കനാലില്‍ നടന്നിരുന്ന ചങ്ങനാശ്ശേരി ജലോത്സവത്തിനു മുന്നോടിയായി ഓരോ വര്‍ഷവും ലക്ഷങ്ങളാണ് പോള നീക്കാന്‍ ചെലവഴിച്ചിരുന്നത്. മൂന്നു വര്‍ഷമായി പോള മൂലം ജലോത്സവം പോലും മുടങ്ങി. ഒന്നേകാല്‍ കോടി മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തതാണ് മനക്കച്ചിറ പദ്ധതി. എന്നാൽ, ഇന്നും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ്. ചങ്ങനാശ്ശേരി മുതല്‍ മങ്കൊമ്പ് വരെയുള്ള 20 കി.മീ. നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എ.സി. കനാലിന് വടക്കുഭാഗത്ത് റോഡിനും കനാലിനും സമാന്തരമായി പവിലിയന് നിര്‍മിക്കുകയും തറയില്‍ ടൈല്‍സ് പാകുകയും ചെയ്തു. ചുറ്റുമതില്‍ നിര്‍മാണവും നടത്തി. 2021 ഫെബ്രുവരിയിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നവീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിൽ നിര്‍വഹിച്ചത്. ടൂറിസം പദ്ധതിയുടെ ഭാഗമായി 10 മഴക്കൂടാരങ്ങളും നവീകരിച്ചു.
ഇതില്‍ മൂന്നെണ്ണം കോഫി, സ്നാക് ബാറുകളായി പുനഃക്രമീകരിച്ചു. ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. പദ്ധതിയുടെ ആരംഭഭാഗത്ത് കനാലിനു നടുവിൽ പവിലിയനും നവീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടേക്ക് എത്തണമെങ്കില്‍ വള്ളം മാത്രമാണ് ഏക ആശ്രയം. കരയില്‍നിന്ന് പവിലിയനിലേക്ക് പാലം നിര്‍മിക്കാന്‍ ഡി.ടി.പി.സിക്ക് ആലോചന ഉണ്ടെങ്കിലും ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ആവശ്യമാണ്. പൊതുജനങ്ങള്‍ക്ക് പ്രയോജനമാകുന്നവിധം എന്നു തുറന്നുനല്കുമെന്നത് ചോദ്യമായി
ശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.