പുഞ്ചവയലിൽ ആരോഗ്യ പ്രവര്‍ത്തകര്‍ കിണര്‍വെള്ളം പരിശോധിക്കുന്നു
മുണ്ടക്കയം: പുഞ്ചവയലിൽ കിണർവെള്ളം കുടിച്ച എട്ടുപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു; ലൈസൻസില്ലാത്ത മൂന്ന് സോഡ ഫാക്ടറികളും അടച്ചുപൂട്ടി. മുണ്ടക്കയം പഞ്ചായത്ത് പരിധിയിലെ പുഞ്ചവയൽ ഭാഗത്താണ് മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയത്. പുഞ്ചവയൽ ടൗണിലെ സ്വകാര്യവ്യക്തിയുടെ കിണറ്റിൽനിന്നും വെള്ളം കുടിച്ച എട്ടുപേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വിവരം അറിഞ്ഞ് മുണ്ടക്കയത്ത് ആരോഗ്യ വകുപ്പ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്താനായത്. തുടര്‍ന്ന് ഇവർ പരിസരങ്ങളിലെ കിണറുകളിൽ പരിശോധന നടത്തുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
കൂടാതെ ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന മൂന്നു സോഡ ഫാക്ടറികൾ അടച്ചുപൂട്ടി. ടാങ്കറുകളിൽ വെള്ളം സംഭരിച്ചു വിൽപന നടത്തുന്നവർ ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളം ശേഖരിച്ചു പരിശോധനക്കയച്ചിട്ടുണ്ട്. മേഖലയിലെ വീടുകളിലും കടകളിലും ജാഗ്രതനിർദേശങ്ങളും ബോധവത്കരണവും നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആശ പ്രവർർത്തകർ ഭവന സന്ദർശനം നടത്തി ജാഗ്രത നിർദേശം നല്കി വരുകയാണ്. തുടര്‍ന്ന് ജില്ല മെഡിക്കൽ ടീം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവർ അവലോകന യോഗം നടത്തി. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സീന എസ്. ഇസ്മായിൽ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉല്ലാസ് കുമാർ, എസ്. സ്മിത എന്നിവരുടെ നേതൃത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.