മുണ്ടക്കയം: വേനല്‍ ചൂട് അസഹനീയമായതോടെ കൊക്കയാര്‍ പഞ്ചായത്ത് നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രധാന ജലസ്രോതസ്സായ പുല്ലകയാറും കൊക്കയാര്‍-കൊടികുത്തിയാറുകളും വറ്റി വരണ്ടതോടെ മേഖലയിലെ കിണറുകളില്‍ ജലനിരപ്പ് പൂര്‍ണമായി താഴ്ന്നു. പഞ്ചായത്തിലെ വടക്കേമല, വെംബ്ലി, ഉറുമ്പിക്കര, പൂവഞ്ചി, മുളങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. വെംബ്ലി മേഖലയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളം കിട്ടാതായിരിക്കുന്നു.
പഞ്ചായത്തിലെ ഏക ആയുര്‍വേദ ആശുപത്രിയായ വെംബ്ലിയില്‍ വെള്ളമില്ലാതെ ജീവനക്കാര്‍ വലയുകയാണ്. ആശുപത്രി വളപ്പില്‍ ഉണ്ടായിരുന്ന കിണര്‍ വറ്റിയിട്ട് രണ്ടു മാസം പിന്നിടുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച നിരവധി കുഴല്‍ കിണറുകള്‍ പ്രയോജനമില്ലാതെ കിടക്കുകയാണ്. കിണര്‍ നിര്‍മിക്കാന്‍ കാണിച്ച ഉത്തരവാദിത്തം അത് പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ കാട്ടിയില്ല. കുഴല്‍കിണറുകളില്‍ മോട്ടോര്‍ സ്ഥാപിച്ചു വെള്ളം പമ്പു ചെയ്യുമെന്ന് പ്രഖ്യാപിച്ച ജനപ്രതിനിധികള്‍ രണ്ടു വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല.
വേനല്‍ ശക്തമായിട്ടും അധികാരികള്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്. സമീപ പഞ്ചായത്തുകളില്‍ ലോറിയില്‍ വീടുകളില്‍ സൗജന്യമായി പഞ്ചായത്ത് വെള്ളം എത്തിക്കുമ്പോള്‍ കൊക്കയാര്‍ പഞ്ചായത്തില്‍ ഒരു നടപടിയും ഇക്കുറി ചെയ്തിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ പുല്ലകയാറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഓലികുത്തിയിരുന്നെങ്കില് ഇക്കുറി ഇഷ്ടക്കാര്‍ക്കു മാത്രമായി ഓലി നിര്‍മാണം ഒതുക്കിയെന്ന ആക്ഷേപം ശക്തമാണ്. ആള് താമസമില്ലാത്ത സ്ഥലങ്ങളില്‍ കുഴല്‍കിണര്‍ സ്ഥാപിച്ചതായും ജനവാസകേന്ദ്രങ്ങളെ ഉപേക്ഷിച്ചതായി പരാതിയുണ്ട്.
കുടിവെള്ളത്തിനായി നാട് നെട്ടോട്ടമോടുമ്പോള്‍ ഭരണകക്ഷിയും പ്രതിപക്ഷവും നിഷ്ക്രിയ നിലപാട് സ്വീകരിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. രാഷ്ട്രീയം മറന്ന് പഞ്ചായത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ചും ശക്തമായ സമരങ്ങളും നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.