മുണ്ടക്കയം: മകന്റെ മരണം കൺമുന്നിൽ കണ്ടതിന്റെ ആഘാതത്തിൽനിന്ന് മുക്തയാകാതെ ഫിലോമിന. രാവിലെ ചായയും കുടിച്ചു കാപ്പിക്കുരു പറിക്കാന്‍ പുരയിടത്തിലേക്ക് ഇറങ്ങിയതായിരുന്നു ജോയല്‍. പാതയോരത്തെ കാപ്പിയില്‍നിന്ന് കാപ്പിക്കുരു പറിക്കുന്നതിനിടയിലും റോഡിലൂടെ പോകുന്നവരോടും ജോയല്‍ കുശലം പറയുന്നത് മാതാവ് അടുക്കളയില്‍നിന്നും കേട്ടിരുന്നു.
ഇതിനിടയിലാണ് ബഹളം കേട്ടത്. അടുക്കള ജോലി നിര്‍ത്തി ഇവര്‍ വീടിന്റെ മുന്‍വശത്തേക്ക് എത്തുമ്പോള്‍ കണ്ട കാഴ്ച പറയാനാന് കഴിയാതെ ഫിലോമിന വിതുമ്പി.
പിച്ചാത്തികൊണ്ട് ബിജോയി കുത്തുന്ന കാഴ്ച കണ്ട ഫിലോമിന മുന്നോട്ട് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ജോയല്‍ വേദനക്കിടിയിലും മാതാവിനോട് വരരുതെന്നും ഇയാളുടെ കൈയില്‍ കത്തിയാണെന്നും വിളിച്ചുപറഞ്ഞു റോഡ് വശത്തെ കുഴിയിലേക്ക് ജോയല്‍ കുഴഞ്ഞുവീണു. ഫിലോമിനയുടെ നിലവിളി കേട്ടാണ് പരിസരവാസികൾ ജോയലിനെ രക്ഷിക്കാൻ ശ്രമിച്ചത്. മകന്റെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് ഫിലോമിന.
കൊലപാതകം നടന്ന സ്ഥലത്ത് ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും എത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവ സ്ഥലത്തുനിന്ന് പൊലീസ് നായ് പ്രതി ബിജോയിയുടെ വീടിന്റെ പരിസരത്തേക്ക് മണംപിടിച്ച് എത്തി. കോട്ടയത്തുനിന്ന് ഫോറന്‍സിക് സയന്റിഫിക് ഓഫിസര്‍ ഫെമി രാജു, ഫോറന്‍സിക് ഓഫിസര്‍ എസ്.എൻ. വിനോദ്കുമാർ എന്നിവർ എത്തി രക്തസാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചു.
ജോയലിനെക്കുറിച്ച് നാടിനുപറയാൻ നല്ലതുമാത്രം, നാടിന്റെ ഇഷ്ട കൂട്ടുകാരനായിരുന്നു അയാൾ. നല്ലതല്ലാതെ ആര്‍ക്കും ഒന്നും പറയാനില്ല. എല്ലാവരുമായി അടുപ്പമുള്ള ചെറുപ്പക്കാരൻ തമാശക്കുപോലും മറ്റുള്ളവരുടെ കുറ്റം പറയാറില്ലെന്നു പറയുമ്പോൾ നാട്ടുകാരനായ ജയിംസിന്റെ വാക്കുകൾ മുറിഞ്ഞു.
എല്ലാവരോടും സൗഹൃദമല്ലാതെ ആരെയും ദ്രോഹിക്കാൻ തയാറല്ല. തന്റെ കുടുംബത്തിനു നേരെ ദീർഘകാലമായി സംഘർഷമുണ്ടാക്കുന്ന ബിജോയിക്കുറിച്ചുപോലും ജോയൽ കുറ്റം പറയാറില്ലെന്ന് ജയിംസ് പറഞ്ഞപ്പോൾ കണ്ണീർ പൊടിഞ്ഞിരുന്നു. അയല്‍വാസികളോടും നാട്ടുകാരോടും വിനയം മാത്രം കാട്ടിയിരുന്ന ജോയലിന്റെ വേർപാട് വിശ്വസിക്കാനായിട്ടില്ലന്നു വാര്‍ഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡഡന്റുമായ ഷീല ഡൊമിനിക് പറഞ്ഞു.
തൊട്ടുമുന്നിൽ മകന്റെ വിയോഗം, ഒന്നു പൊട്ടിക്കരയാൻ പോലുമാകാതെ പിതാവ് ജോജോ. തന്റെ ഇളയമകൻ ജോയൽ കുത്തേറ്റു മരിക്കുമ്പോൾ ഇതൊന്നുമറിയാതെ തൊട്ടടുത്തെ മുറിയിൽ പിതാവ് ജോജോ കിടക്കുകയായിരുന്നു. വർഷങ്ങളായി കിടപ്പുരോഗിയായ ജോജോയെ ശുശ്രൂഷിച്ചു വന്നിരുന്നത് ജോയലായിരുന്നു. പഠനം കഴിഞ്ഞു മറ്റൊരു ജോലിയെക്കുറിച്ചുപോലും ചിന്തിക്കാതെ പിതാവിന്റെ ശുശ്രൂഷയിൽ മാത്രമായിരുന്നു ശ്രദ്ധകൊടുത്തിരുന്നത്.
ഭാര്യ ഫിലോമിനയുടെ നിലവിളി കേട്ടതോടെയാണ് കാര്യമായി എന്തോ സംഭവിച്ചതെന്നു മനസ്സിലാക്കിയത്. മറ്റൊരു മകൻ ജോബിൻ വിദേശത്താണ്. വീട്ടിൽ മാതാപിതാക്കളും ജോയലും മാത്രമായിരുന്നു താമസിച്ചുവന്നിരുന്നത്.
കൊലപാതകം നടത്തിയശേഷവും പ്രതി ബിജോക്ക് ഒരു കൂസലുമില്ലായിരുന്നു. സ്വന്തം വീട്ടിലെത്തിയ ബിജോയ് ധരിച്ച വസ്ത്രമെല്ലാം മാറി കുളിച്ചു വേറെ വസ്ത്രം ധരിച്ചു മുറിയിലിരിക്കുമ്പോഴാണ് പൊലീസ് എത്തുന്നത്. കതകിൽ മുട്ടിയപ്പോൾ തുറന്നു പൊലീസുകാരോട് സംസാരിച്ചു. കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു.
മുറിക്കുള്ളിൽനിന്ന് കൊലപാതക സമയത്തു ധരിച്ച രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തി. എന്നാൽ, കൊലചെയ്യാൻ ഉപയോഗിച്ച പിച്ചാത്തി ആദ്യം കാണിച്ചു നൽകിയില്ല. പിന്നീട് പിച്ചാത്തിയിരിക്കുന്ന സ്ഥലം പറഞ്ഞതനുസരിച്ചു പൊലീസെത്തി എടുക്കുകയായിരുന്നു.
‘സാറേ അവൻ മെന്റൽ അഭിനയിക്കും വ്യാജ രേഖകൾ കാണിക്കും അതൊന്നും കണ്ട് വെറുതെ വിടരുതെന്നു പൊലീസുകാരോട് ജോയലിന്റെ കൂട്ടുകാർ വിളിച്ചുപറഞ്ഞു. നാട്ടിലും വീട്ടിലും സ്ഥിരം പ്രശ്നക്കരാനായിരുന്ന വര്‍ഗീസ് ചാക്കോയോട് (ബിജോയി) അയല്‍വാസികൾ പൊതുവെ ചങ്ങാത്തം കൂടാൻ പോകാറില്ലന്നു പരിസരവാസികൾ പറയുന്നു.
മദ്യലഹരിയിൽ ആളുകളോടു വഴക്കുകൂടുന്നതു പതിവായിരുന്നു. സ്ത്രീകളോടും പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും പതിവു സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ വിഷയത്തിൽ പൊലീസിൽ നാട്ടുകാർ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലത്രേ.
ഇയാളുടെ ശല്യം സഹിക്കവയ്യാതെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയിരുന്നു. ഇയാൾ ഭാര്യയെ മര്‍ദിക്കുമ്പോൾ ഓടിയെത്തിയിരുന്നത് ജോയലിന്റെ വീട്ടിലേക്കായിരുന്നു. ഈ പകയാണ് മനസ്സിൽ കൊണ്ടുനടന്നു കൊലപാതകത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.