മുണ്ടക്കയം: കൂട്ടിക്കൽ വില്ലേജ് ഓഫിസര്‍ എ.എസ്. മുഹമ്മദ് എന്ന സാലി മുഹമ്മദ് ശനിയാഴ്ച സർവിസിൽനിന്ന് പടിയിറങ്ങും. സര്‍ക്കാർ സർവിസിനപ്പുറം ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പംനിന്ന് പ്രവര്‍ത്തിച്ച കൂട്ടിക്കൽ വില്ലേജ് ഓഫിസര്‍ വണ്ടന്‍പതാല്‍ അമ്പഴത്തിനാല്‍ എ.എസ്. മുഹമ്മദിന് ഇനിയും തിരക്കൊഴിയാത്ത നാളുകളാണ് റിട്ടയര്‍മെന്റ് ജീവിതവും.
യുവതലമുറക്ക് അക്ഷരക്കൂട്ടുകള്‍ പകര്‍ന്നു നല്കിയ എ.എസ്. മുഹമ്മദ് ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യനാണ്. വായനയും പുസ്തകങ്ങളും ഏറെ ഇഷ്ടപ്പെടുന്ന മുഹമ്മദ് ഇനി നാടിന് അറിവ് പകരാനും വായനശീലം വളർത്താനുംയി വീടിനോട് ചേര്‍ന്ന് ഒരു ലൈബ്രറിതന്നെ നാടിന് സമര്‍പ്പിക്കാൻ ഒരുങ്ങുകയാണ്. 1500ലധികം പുസ്തകം ലൈബ്രറി അലമാരയില്‍ സജ്ജമാണ്. സർവിസിലിരിക്കെ ഓരോ യാത്രകള്‍ പോകുമ്പോഴും മുഹമ്മദ് ഭാവി ലൈബ്രറിക്കായി പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുമായിരുന്നു.
സർവിസിലിരിക്കെ വിവിധ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ലഭിക്കുന്ന മാസികകളും ദിനപത്രങ്ങളും അദ്ദേഹം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മുഹമ്മദിന്റെ കൈവശം ഇന്ന് അഞ്ഞൂറിലധികം പത്രങ്ങളും മാസികകളും റെഡിയാണ്. വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകളിലുള്ളവയാണ് മിക്കവയും.
തന്റെ ശേഖരണത്തിലുള്ള പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വിവിധ സ്കൂള്‍, കോളജുകളില്‍ പ്രത്യേക പ്രദര്‍ശനമൊരുക്കുകയും അതുവഴി വായനയോട് പുതുതലമുറക്ക് പ്രോത്സാഹനം നല്കിവരുകയും ഇതിന് നിരവധി അംഗീകാരങ്ങളും നേടിയിട്ടുമുണ്ട്. 1890ല്‍ ഇറങ്ങിയ മലയാള ദിനപത്രം മുതല്‍ 2019ല്‍ ഇറങ്ങിയ വാസ്തവം വരെയുള്ള 160 മലയാള ദിനപത്രങ്ങള്‍, 2000ല്‍പരം മലയാള ആനുകാലികങ്ങള്‍ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. വിവിധ പഠനങ്ങൾക്കായി സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും ചരിത്രഗവേഷകരും ഇദ്ദേഹത്തിന്റെ ശേഖരം തേടി വീട്ടിലെത്താറുണ്ട്.
കഴിഞ്ഞ പ്രളയശേഷം നാടിനെ സഹായിക്കാന്‍ മുഹമ്മദ് സഹപ്രവര്‍ത്തകരോട് ആലോചിച്ച് നിരവധി പദ്ധതികള്‍ ഒരുക്കിയിരുന്നു. പ്രളയത്തില്‍ ദുരിതം അനുഭവിച്ച കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ പഠനത്തില്‍ പ്രോത്സാഹനം നല്കുന്ന പദ്ധതികൾ നാടിനു പ്രയോജനകരമാക്കി. സ്വാതന്ത്ര്യ ദിനാഘോഷവും വേറിട്ടതായിരുന്നു. വില്ലേജ് ഓഫിസില്‍ പ്രത്യേക സ്വാതന്ത്ര്യദിന പരിപാടികളാണ് സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സാമുദായിക സംഘടന നേതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷം.
വായനയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന തന്റെ പിതാവിന്റെ സ്മരണാർഥമാണ് മുഹമ്മദ് ലൈബ്രറി ഒരുക്കുന്നത്. അമ്പഴത്തിനാല്‍ സുലൈമാന്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് എന്നാണ് പേര്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ഫീസുകളില്ലാതെ പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കും. ശനിയാഴ്ച വൈകീട്ട് നാലിന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ലൈബ്രറി നാടിന് സമര്‍പ്പിക്കും. റിട്ടയര്‍മെന്റ് ജീവിതം നാടിനും വായനക്കുമായി മുഹമ്മദ് നീക്കിവെക്കുമ്പോള്‍ മുഹമ്മദിന്റെ ജനകീയതയെ നാട് പുകഴ്ത്തുകയും പ്രാർഥിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.