മുണ്ടക്കയം: ഒന്നേമുക്കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള മുണ്ടക്കയം സി.എസ്.ഐ ട്രിനിറ്റി ദേവാലയം ജൂബിലി നിറവില്‍. ആഘോഷം 24ന് തുടങ്ങും. 1849ല്‍ മുണ്ടക്കയം പുത്തന്‍ചന്തയില്‍ ആരംഭിച്ച പള്ളിയുടെ സപ്ത രജതജൂബിലി ആഘോഷം വിപുലമാക്കാനാണ് ഇടവക അംഗങ്ങളുടെ തീരുമാനം.
ബ്രിട്ടീഷുകാർ ഇന്ത്യഭരിക്കുന്ന കാലം ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ എന്ന സായിപ്പാണ് സി.എസ്.ഐ പള്ളി എന്ന ആശയം ഉണ്ടാക്കുന്നത്. കിലോമീറ്ററുകള്‍ കാല്‍നട ചെയ്തു ആരാധന നടത്തുന്ന കാലത്ത് മുണ്ടക്കയം പുത്തന്ചന്തക്കടുത്ത് വേങ്ങക്കുന്നിൽ സായിപ്പ് പള്ളിനിര്മിച്ച് ആരാധന തുടങ്ങിയത് അക്കാലത്തെ തോട്ടം തൊഴിലാളികളുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് താങ്ങായി. യാത്രാസൗകര്യമില്ലാതിരുന്ന കാലത്ത് വേങ്ങക്കുന്ന് സി.എസ്.ഐ പള്ളിയില്‍ നാടിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് വിശ്വാസികള്‍ എത്തിയിരുന്നു.
1890ല്‍ എം.സി. പുന്നൂസ് പുത്തന്‍ചന്തയിലെ പള്ളി മുണ്ടക്കയം കെ.കെ റോഡരികിലേക്ക് മാറ്റി. പിന്നീട് 1997ല്‍ തോമസ് മാത്യു വികാരിയായിരുന്ന കാലത്ത് തുടങ്ങിയ പള്ളി നിര്‍മാണം ഡോ. മാത്യൂസ് ഇലഞ്ഞിക്കല്‍ പൂര്‍ത്തിയാക്കി പ്രാർഥന തുടങ്ങിയയിടത്താണ് ഇപ്പോഴത്തെ പള്ളി പ്രവര്‍ത്തിക്കുന്നത്. ഹൈറേഞ്ചിലെ തന്നെ ആദ്യപള്ളിയാണിത്. മുണ്ടക്കയം പട്ടണത്തിന്റെ മാറ്റങ്ങളുടെ തുടക്കക്കാരനാണ് ഹെന്‍ട്രി ബേക്കര്‍. മണിമലയാറ്റിലെ ഉപ്പുനീറ്റുകയത്തില്‍ ധാരാളം കൊക്കുകള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ‘മുണ്ടികളുടെ നാട്’ എന്ന അർഥത്തില്‍ മുണ്ടക്കയം എന്ന പേര് കൈവന്നത്. മുണ്ടക്കയത്ത് ആദ്യസ്കൂളിനു തുടക്കം കുറിച്ചതും ഹെന്‍ട്രി ബേക്കര്‍ ജൂനിയറാണ്. മുണ്ടക്കയത്തിന്റെ അക്ഷര മുത്തശ്ശി എന്നറിയപ്പെടുന്ന സി.എം.എസ് എല്‍.പി സ്കൂള്‍ 1849ല്‍ സ്ഥാപിച്ചു. സി.എം.എസ് എല്‍പി സ്കൂള്‍, മൈലേത്തടി എൽ.പി സ്കൂൾ, സി.എം.എസ് ഹൈസ്കൂൾ മുണ്ടക്കയത്തെ ഏറ്റവും വലിയ ഓഡിറ്റോറിയമായ സി.എസ്.ഐ പാരിഷ്ഹാള്‍ എല്ലാം ഈ പള്ളിയുടെ ഉടമസ്ഥതയിലാണ്.ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷ കാലയളവില്‍ നാടിനുതകുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. ഇതിനായി ഒന്നരകോടിയോളം രൂപ വിനിയോഗിക്കും. ഉദ്ഘാടന പരിപാടികളുടെ മുന്നോടിയായി ഞായറാഴ്ച വിശ്വാസ വിളംബരജാഥ നടത്തുമെന്ന് വികാരി ജോണ്‍ ഐസക്, കണ്‍വീനര്‍ ബോബിന മാത്യു, സെക്രട്ടറി ആശാബിനു എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.