മുണ്ടക്കയം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനുമായി ആശുപത്രിയിലേക്കു പാഞ്ഞ് സ്വകാര്യബസ്. കോരുത്തോട് -മുണ്ടക്കയം റൂട്ടിൽ ഓടുന്ന ഷൈബു എന്ന സ്വകാര്യ ബസാണ് ബസിൽ കുഴഞ്ഞുവീണ കുഴിമാവ് സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലേക്ക് ബസ് ഓടിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് കുഴിമാവിൽനിന്ന് മുണ്ടക്കയത്തേക്കുള്ള ട്രിപ്പിലാണ് കുഴിമാവ് സ്വദേശി സണ്ണി ബസിൽ കയറിയത്.
മടുക്കയിൽ എത്തിയപ്പോൾ സണ്ണി കുഴഞ്ഞ് സീറ്റിനിടയിൽ വീഴുകയായിരുന്നു. തുടർന്ന് ബസ് കണ്ടക്ടർ സുനീഷും ഡ്രൈവർ വി.എസ്. അലിയും ചേർന്ന് പ്രാഥമികചികിത്സനൽകി യാത്ര തുടർന്നെങ്കിലും പനക്കച്ചിറയിൽ എത്തിയപ്പോൾ സണ്ണി വീണ്ടും കുഴഞ്ഞുവീണു. തുടർന്ന് ബസ് കടന്നുപോകുന്ന റൂട്ടിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരെ ഫോണിൽ വിവരമറിയിച്ചു.
ബസ് വണ്ടൻപാതാലിൽ എത്തിയപ്പോൾ ലാബ് ജീവനക്കാർ ബസിൽ കയറി സണ്ണിയെ പരിശോധിച്ചു. രക്തസമ്മർദം കുറയുന്നതായി കണ്ടതോടെ യാത്രക്കാരെയുംകൊണ്ട് ബസ് മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തുകയായിരുന്നു. ബസ് ഉടമകൂടിയായ അലി മുമ്പും ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.