എന്‍റെ കേരളം: പ്രദര്‍ശന-വിപണനമേള നാളെ മുതൽ

കോട്ടയം: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന-വിപണനമേളയും ജില്ലതല ആഘോഷങ്ങളും വ്യാഴാഴ്ച നാഗമ്പടം മൈതാനത്ത് ആരംഭിക്കും. പ്രവേശനം സൗജന്യം. മേളയുടെ മുന്നോടിയായി രാവിലെ 9.30ന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ജില്ല സ്പോര്‍ട്സ് കൗണ്‍സിലും ജില്ല ലൈബ്രറി കൗണ്‍സിലും അണിനിരക്കും.

രാവിലെ 11ന് നാഗമ്പടം മൈതാനത്തെ പ്രത്യേകവേദിയില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ലൈഫ് വീടുകളുടെ താക്കോല്‍ വിതരണവും, 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും കലാ-സാംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനവും നടക്കും. വിവിധ ധനസഹായങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍, കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യും.

മേളയില്‍ 67 വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 60,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 155 സ്റ്റാളുകളാണുള്ളത്. 100 വിപണനസ്റ്റാളുകളും 55 തീം സ്റ്റാളുകളും ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്ന പ്രദര്‍ശന-വിപണന മേളയും കലാപരിപാടികളും നടക്കും.

ജില്ലയില്‍നിന്നുള്ള വിവിധ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളും ടെക്നോ ഡെമോയില്‍ പങ്കെടുക്കും. റോബോട്ടിക്സ് അടക്കം പരിചയപ്പെടുത്തും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും നടക്കും. മൃഗസംരക്ഷണവകുപ്പിന്‍റെ സൗജന്യ പെറ്റ് ക്ലിനിക്, ഭക്ഷ്യ-മണ്ണ്-പാല്‍ പരിശോധനകള്‍, വിവിധ വകുപ്പുകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഷുഗര്‍ പരിശോധന എന്നിവയും ലഭ്യമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകള്‍ ലഭ്യമാകും. പൊലീസിന്‍റെ ഡോഗ് ഷോയും അരങ്ങേറും. ദിവസവും സര്‍ക്കാറിന്‍റെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട തത്സമയക്വിസ് നടക്കും. വിജയികള്‍ക്ക് ഫലകവും സമ്മാനങ്ങളും ലഭിക്കും.

നാടകങ്ങള്‍, ഗാനമേള, ഫ്യൂഷന്‍ മ്യൂസിക്, മിമിക്രി മെഗാ ഷോ, ഏഴു ഭാഷയിലെ സംഗീതപരിപാടി, ഡാന്‍സ് മെഗാ ഷോ, കായികാഭ്യാസപ്രകടനം എന്നിവ അരങ്ങേറും. മികച്ച തീം - വിപണന - ഭക്ഷ്യമേള സ്റ്റാളുകള്‍ക്കു പുരസ്‌കാരം നല്‍കും. കോവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടുകുതിക്കാന്‍ വ്യവസായ സംരംഭങ്ങള്‍ക്കും കലാകാരന്മാര്‍ക്കും വിവിധ മേഖലകളിലുള്ളവര്‍ക്കും സഹായകമാകുന്ന നിലയിലാണ് മേള സംഘടിപ്പിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, ഐ.-പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ്കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ.അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടയം നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം

കോട്ടയം: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാംവാര്‍ഷികാഘോഷത്തിന്‍റെ ജില്ലതല ഉദ്ഘാടനത്തിനോടനുബന്ധിച്ച് വ്യാഴാഴ്ച കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം. രാവിലെ ഒമ്പത് മുതലാണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ:

ചിങ്ങവനം ഭാഗത്തുനിന്നും എം.സി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള്‍ സിമന്‍റ് കവല ജങ്ഷനില്‍നിന്ന് ഇടതുതിരിഞ്ഞ് പാറേച്ചാല്‍ റോഡുവഴി തിരുവാതുക്കല്‍- കുരിശുപള്ളി- അറുത്തൂട്ടി ജങ്ഷനില്‍ എത്തണം. ഇവിടെനിന്ന് കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് ടൗണിലേക്കും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലത്തോട്ട് തിരിഞ്ഞ് ചാലുകുന്ന് ജങ്ഷനിലെത്തി യാത്ര തുടരണം. ടൗണിലേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ മാത്രം ചാലുകുന്ന് ജങ്ഷനില്‍നിന്ന് ബേക്കര്‍ ജങ്ഷന്‍ വഴി നാഗമ്പടത്തേക്ക് പോകണം. ചിങ്ങവനം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ ഐഡ ജങ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞ് ടി.ബി റോഡ് വഴി സ്റ്റാന്‍ഡിലേക്ക് എത്തണം.

ചിങ്ങവനം ഭാഗത്തുനിന്ന് എം.സി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് ബൈപാസ് റോഡുവഴി ഈരയില്‍ക്കടവ് വഴി പോകണം. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം.

കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകള്‍ കലക്ടറേറ്റ്, ലോഗോസ്, റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലെത്തി പോകണം.

തിരുവാര്‍പ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ തിരുവാതുക്കല്‍- പുത്തനങ്ങാടി വഴിയും കുമരകം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇല്ലിക്കല്‍ വഴിയും അറുത്തൂട്ടി ജങ്ഷനിലെത്തി ബേക്കര്‍ ജങ്ഷന്‍ വഴി സിയേഴ്സ് ജങ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകണം.

നാഗമ്പടം സ്റ്റാൻഡില്‍നിന്ന് കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ബേക്കര്‍ ജങ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകണം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് ഏറ്റുമാനൂര്‍/ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ടൗണില്‍ പോകാതെ സിയേഴ്സ് ജങ്ഷനില്‍നിന്ന് വലത്തോട്ടുതിരി‍ഞ്ഞ് പോകണം.

നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് കിഴക്കോട്ട് പോകേണ്ട സ്വകാര്യ ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍ - ലോഗോസ് ജങ്ഷനിലെത്തിയശേഷം പതിവു പോലെ പൊലീസ് ക്ലബ് വഴി പോകണം.

കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് ഏറ്റുമാനൂര്‍, കുമരകം, ചേര്‍ത്തല തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സ്റ്റാര്‍ ജങ്ഷന്‍ വഴി പുളിമൂട് ജങ്ഷനിലെത്തി ഇടതുതിരിഞ്ഞ് കാരാപ്പുഴ-തിരുവാതുക്കല്‍- അറുത്തൂട്ടി ജംഗ്ഷനിലെത്തി പോകണം.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ ഗാന്ധിനഗറില്‍നിന്ന് തിരിഞ്ഞ് മെഡിക്കല്‍ കോളജ്- കുടയംപടി-ചാലുകുന്ന് - അറുത്തൂട്ടി-തിരുവാതുക്കല്‍ - കാരാപ്പുഴ- പുളിമൂട് ജങ്ഷൻ വഴി സ്റ്റാന്‍ഡിലേക്ക് എത്തണം.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന ചെറു വാഹനങ്ങള്‍ വട്ടമൂടുവഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകണം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ പതിവുപോലെ നാഗമ്പടം സ്റ്റാന്‍ഡിലെത്തി സര്‍വിസ് അവസാനിപ്പിക്കണമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - My Kerala: Exhibition and Marketing Fair from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.