കോട്ടയം: 12 വയസ്സുകാരൻ എം.ഡി.എം.എ ഉപയോഗിക്കുമെന്നു കേട്ടാൽ വിശ്വസിക്കാനാകുമോ. എം.ഡി.എം.എ ഉപയോഗിക്കുമെന്ന് മാത്രമല്ല, വിൽക്കുകയും ചെയ്യുന്നുണ്ട്. പണമുണ്ടാക്കാനുള്ള മാർഗം മാത്രമാണ് അവന് രാസലഹരി വിൽപന. കാശുണ്ടാക്കാൻ തനിക്ക് വേറെ വഴിയില്ലായിരുന്നു എന്നാണ് മകൻ പറഞ്ഞത്. വീടുവിട്ടിറങ്ങി നാലഞ്ചുദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പിതാവ് തന്നെയാണ് 12 വയസ്സുകാരനെയും കൊണ്ട് എക്സൈസിന്റെ മുന്നിലെത്തിയത്. സൈക്യാട്രി ഡോക്ടറെ നിർദേശിക്കുകയല്ലാതെ എക്സൈസിന് വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
എം.ഡി.എം.എ ഉപയോഗിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ യുവാവ് ഏറെനാൾ ശരീരം തളർന്ന് കിടപ്പായിരുന്നു. നോക്കിയതെല്ലാം പ്രായമായ മാതാപിതാക്കൾ തന്നെ. രോഗക്കിടക്കയിൽനിന്ന് എഴുന്നേറ്റപ്പോൾ കൂട്ടുകാർ തേടിയെത്തി. വീണ്ടും എം.ഡി.എം.എ ഉപയോഗം തുടങ്ങി. ഉപദ്രവം സഹിക്കവയ്യാതെ, മാതാപിതാക്കളും ഭാര്യയും ആവശ്യപ്പെട്ടതനുസരിച്ചാണ് ലഹരിക്കടിമയായ യുവാവിനെ തേടി എക്സൈസ് വീട്ടിലെത്തിയത്. ഓടിച്ചിട്ടു പിടികൂടി ഇയാളെ വിമുക്തി കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
ജില്ലയിലെ ചില സംഭവങ്ങൾ മാത്രമാണിത്. കോഴിക്കോട്ട് ലഹരിക്കടിമയായ മകനെ പൊലീസിൽ ഏൽപിച്ച അമ്മയെ കുറിച്ചുള്ള വാർത്ത നെഞ്ചിടിപ്പോടെയാണ് മാതാപിതാക്കൾ കേട്ടത്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. പണ്ട്, തൊട്ടപ്പുറത്തെ വീട്ടിൽ മാത്രം നടക്കുമെന്ന് കരുതിയിരുന്ന കാര്യങ്ങൾ ഇപ്പോൾ ഏതു വീട്ടിലും പ്രതീക്ഷിക്കാവുന്ന നിലയിലേക്ക് മാറി. സ്കൂളിൽ പഠിക്കുന്ന മക്കളെപ്പോലും പേടിയോടെ കാണേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ.
ഹോസ്റ്റലിൽ കയറിയാൽ കുടുങ്ങും കുറേപ്പേർ
ജില്ലയിലെ കോളജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നടത്തിയപോലെ റെയ്ഡ് നടത്തിയാൽ താൽക്കാലികമായി ഇതിന് തടയിടാനാകും. എന്നാൽ, കൃത്യമായ തെളിവുകളോ അകത്തുനിന്നുള്ള സഹായമോ ഇല്ലാതെ ഹോസ്റ്റലിൽ കയറുക പൊലീസിനും എക്സൈസിനും അസാധ്യമാണ്. മെഡിക്കൽ വിദ്യാർഥികളിലും രാസലഹരി ഉപയോഗിക്കുന്നവരുണ്ട്. ചങ്ങനാശ്ശേരിയിൽ പിടിയിലായ ഡോക്ടർ പറഞ്ഞത് എം.ഡി.എം.എ ഉപയോഗിച്ചാണ് ശസ്ത്രക്രിയക്ക് കയറാറുള്ളതെന്നാണ്.
നിയന്ത്രിക്കുന്നത് രണ്ടു ഗുണ്ടകൾ
ജില്ലയിലെ മയക്കുമരുന്ന് വിപണിയെ നിയന്ത്രിക്കുന്നത് സ്ഥലത്തെ പ്രധാനികളായ രണ്ടു ഗുണ്ടകളാണ്. നേരത്തേ രണ്ടുപേരും കിലോക്കണക്കിന് കഞ്ചാവുമായി പിടിയിലായിട്ടുണ്ടെങ്കിലും സ്വാധീനത്തിന്റെ പിൻബലത്തിൽ ഊരിപ്പോന്നു. ഇവർ ജയിലിലായാലും പുറത്തുള്ള ഗാങ് കച്ചവടം മുടക്കം വരാതെ നോക്കും. മയക്കുമരുന്ന് വിൽപനക്കാരിൽനിന്നുള്ള ഗുണ്ടാപ്പിരിവ് വേറെയും. ടൺകണക്കിന് കഞ്ചാവാണ് ഇവരുടെ നിയന്ത്രണത്തിൽ വിപണിയിലെത്തുന്നതെന്ന് അധികൃതർ തന്നെ പറയുന്നു. എം.ഡി.എം.എയുമായി ഒരാളെ അടുത്തിടെ അറസ്റ്റ് ചെയ്തപ്പോൾ അവന്റെ ഫോണിൽനിന്ന് കിട്ടിയ മെസേജ് ഒരു ഗുണ്ടനേതാവ് 25,000 രൂപ പിരിവ് ആവശ്യപ്പെടുന്നതാണ്.
പ്രിയപ്പെട്ടവരാണെന്നത് മറക്കും
ആദ്യ ഉപയോഗത്തിൽ തന്നെ അടിമകളാകുമെന്നതാണ് രാസലഹരിയുടെ പ്രത്യേകത. ചെറിയൊരു തരി അകത്തുചെന്നാൽപോലും മാരകം. തലച്ചോറിലെ ന്യൂറോണുകളെ നശിപ്പിക്കുന്നതിനാൽ ജീവിതത്തിലേക്ക് തിരിച്ചുവരൽ പാടാണ്. തലകറക്കം, ഛർദി, പല്ലുകൾക്ക് നിറവ്യത്യാസം എന്നിവയിൽ തുടങ്ങി ക്രമേണ അക്രമാസക്തരായി മാറും. ഇല്ലാത്ത കാഴ്ചകൾ കാണുകയും തന്നെ കൊല്ലാൻ വരുന്നുവെന്ന തോന്നൽ ഉണ്ടാകുകയും ചെയ്യും. അമ്മയാണോ അച്ഛനാണോ സഹോദരങ്ങളാണോ എന്നൊന്നും തിരിച്ചറിയാനാവില്ല. എന്തും ചെയ്യാൻ മനക്കട്ടിയുണ്ടാവും. പിന്നെ കുറ്റകൃത്യങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വഴിതുറക്കും. കഞ്ചാവാണോ എം.ഡി.എം.എ ആണോ കൂടുതൽ മാരകമെന്ന് ചോദിച്ചാൽ എം.ഡി.എം.എ ചേട്ടനും കഞ്ചാവ് അനിയനുമാണെന്നാണ് എക്സൈസ് പറയുക. ഒഡിഷ, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽനിന്നാണ് കഞ്ചാവിന്റെ വരവ് അധികവും. രാസലഹരി ബംഗളൂരുവിൽനിന്നും. വിദേശികളാണ് ബംഗളൂരുവിലെ ഏജന്റുമാരിൽ ഭൂരിപക്ഷവും.
ആവശ്യത്തിന് ജീവനക്കാരില്ലാതെ എക്സൈസ്
മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ സജ്ജമാണോ ജില്ലയിലെ എക്സൈസ് എന്നുചോദിച്ചാൽ അല്ലെന്നാണ് ഉത്തരം. ആവശ്യത്തിന് ജീവനക്കാരും ആധുനിക സംവിധാനങ്ങളുമില്ലാതെയാണ് എക്സൈസ് പ്രവർത്തിക്കുന്നത്. ലുങ്കിയുടുത്ത് വേഷം മാറി റെയ്ഡിനുപോകുന്ന പഴഞ്ചൻ സമ്പ്രദായം തന്നെയാണിപ്പോഴും. മറുവശത്തുള്ളത് അത്യാധുനിക സംവിധാനങ്ങൾ കൈവശമുള്ള മയക്കുമരുന്ന് മാഫിയയും.
പലയിടത്തും സ്വന്തമായി കെട്ടിടം പോലുമില്ല. ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെയുള്ള അവസ്ഥയാണിത്. 11 റേഞ്ചിലായി 300 ജീവനക്കാരാണ് ജില്ലയിൽ എക്സൈസിനുള്ളത്. 1969ലെ പഴയ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ഇപ്പോഴും ജീവനക്കാരുടെ എണ്ണം. എല്ലായിടത്തും ഓടിയെത്താൻപോലും ആളില്ല. സമൂഹമാധ്യമങ്ങൾ വഴി വിൽപന സജീവമാണെങ്കിലും സ്വന്തമായി സൈബർ വിങ്ങുപോലും ഇല്ല. പൊലീസിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. പൊലീസും എക്സൈസും കൈകോർത്താൽ മാത്രമേ ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് ഫലമുണ്ടാകൂ. എക്സൈസിനെ ആധുനീകരിക്കുന്നതിനൊപ്പം ഫീൽഡിലിറങ്ങുന്ന താഴെക്കിടയിലുള്ള ജീവനക്കാരുടെ എണ്ണത്തിൽ വർധന വരുത്തിയും അർഹതപ്പെട്ട സ്ഥാനക്കയറ്റം നൽകിയും ശക്തിപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.