കാഞ്ഞിരപ്പള്ളി: ഓണമെത്തിയതോടെ വിപണിയിൽ നേന്ത്രക്കായ വറുത്തതിനും ശർക്കര ഉപ്പേരിക്കും പ്രിയമേറി. നേന്ത്രക്കായ വറുത്തതിന് കിലോക്ക് 340 രൂപയാണ് വില. ശർക്കര വരട്ടിക്കും ഇതേ വിലതന്നെ. കഴിഞ്ഞ വർഷത്തേക്കാൾ 20 രൂപ കുറച്ചാണ് ഇപ്പോഴത്തെ വിൽപനയെന്ന് കൈരളി ഫ്രഷ് ചിപ്സ് ഉടമകളായ മുഹമ്മദ് ഹബീബ്, കെ.എസ്. ഷാജി എന്നിവർ പറയുന്നു. നേന്ത്രക്കായക്കും വെളിച്ചെണ്ണക്കും വില കുറഞ്ഞതാണ് ചിപ്സിനും വില കുറയാൻ ഇടയാക്കിയത്.
പഴുത്ത കായ ഉപയോഗിച്ച് ഉണ്ടാക്കുന്ന കായ വറുത്തതിന് വില അൽപം കൂടും. നേന്ത്രക്കായക്ക് വില കൂടുന്നതിന് അനുസരിച്ച് കായ വറുത്തതിനും ഉപ്പേരിക്കും വില കൂടുന്നതാണ് പതിവ്.
നേന്ത്രക്കായക്കുലകൾക്ക് അത്തം പിറക്കുന്നതിനു മുമ്പേതന്നെ വില കൂടുന്നതാണ് പതിവ്. അന്യസംസ്ഥാനത്തുനിന്നുള്ള നേന്ത്രക്കായ ചിപ്സിന് ഉപയോഗിച്ചാൽ ഗുണനിലവാരം കുറയുമെന്നതിനാൽ നാടൻ കായാണ് 15 വർഷമായി ഇവിടെ ഉപയോഗിക്കുന്നതെന്നും ഇവർ പറഞ്ഞു.
വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന കായ വറുത്തതും ഉപ്പേരിയുമാണ് മലയാളികൾക്ക് പ്രിയം. ഓണം മുന്നിൽകണ്ട് പാമോയിലിലും സൺഫ്ലവർ ഓയിലിലും വറുത്തെടുക്കുന്ന ചിപ്സുകൾ വിലകുറച്ച് വിപണിയിൽ എത്തുമെങ്കിലും പതിറ്റാണ്ടുകളായി ശുദ്ധമായ വെളിച്ചെണ്ണയിൽ സ്ഥിരമായി ചിപ്സ് വിൽപന നടത്തുന്നതിനാൽ കടയിലെ തിരക്കിന് കുറവുണ്ടാകാറില്ലെന്നും
ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.