പാലാ: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ജില്ലയിലെ ആദ്യ നഗരമായി പാലാ. പ്രത്യേക കൗൺസിൽ യോഗത്തിൽ പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി.
സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായിട്ടാണ് പാലാ നഗരസഭ ഡിജിറ്റൽ നഗരമായത്.
ജൂലൈ 10 നാണ് പാലാ നഗരസഭയിൽ പദ്ധതിയുടെ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും 60 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതായും ചെയർമാൻ പറഞ്ഞു.
ഡിജി കോർഡിനേറ്ററായി നഗരസഭ കൗൺസിൽ നിയമിച്ച റിട്ട.നഗരസഭ ഉദ്യോഗസ്ഥൻ ബിജോയ് മണർകാട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡിജി ടീമിന്റെ നേതൃത്വത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നത്. നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളെയും സംബന്ധിച്ച വിവരശേഖരണം നഗരസഭ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് എം.എസ്. ധനേഷിന്റെ നേതൃത്വത്തിൽ നടത്തി. ഇതിൽ 14നും 64 നും ഇടയിലുള്ള 178 പേര് ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തി.
തുടർന്ന് ഇവർക്കായി അംഗൻവാടികൾ, മുനിസിപ്പൽ കോൺഫറൻസ് ഹാൾ എന്നിവ കേന്ദ്രീകരിച്ച് പരിശീലനം നൽകി. കിടപ്പ് രോഗികൾ, വയോധികർ തുടങ്ങിയവർക്കായി വീടുകൾ കേന്ദ്രീകരിച്ച് പരിശീലനം നടത്തി. മൊബൈൽ ഫോൺ ഓൺ ഓഫ് ആക്കുന്നതിൽ തുടങ്ങി ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനും പരിശീലനം നൽകി.
ഓൺലൈൻ ഷോപ്പിങ്, ഗ്യാസ് ബുക്കിങ്, ടെലഫോൺ, കറണ്ട്, വാട്ടർ ബിൽ അടക്കൽ എന്നിവയിലും ഇവർക്ക് പരിശീലനം നൽകി. സർക്കാർ സേവനങ്ങളെ കുറിച്ചുള്ള വിവിധ വെബ്സൈറ്റുകൾ പരിചയപ്പെടുത്തി. ഇ-മെയിൽ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും യൂട്യൂബ്, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ ഉപയോഗിക്കാനും ഇവരെ പഠിപ്പിച്ചു. 275 വാളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
പ്രഖ്യാപന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ലീന സണ്ണി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സാവിയോ കാവുകാട്ട്, ബിന്ദു മനു, ലിസി കുട്ടി മാത്യു, സന്ധ്യ ആർ, ബൈജു കൊല്ലംപറമ്പിൽ, കോൺഗ്രസ് പാർലമെന്ററി ലീഡർ പ്രഫ. സതീശ് ചൊള്ളാനി, സെക്രട്ടറി ജൂഹി മരിയ ടോം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.