പാലാ: വര്‍ഷങ്ങള്‍ മുമ്പ് നിര്‍മാണം തുടങ്ങിയ റോഡ് നിര്‍മാണത്തിന് ഒച്ചിഴയുന്ന വേഗം. മീനച്ചിലാറിന്റെ തീരത്തുകൂടി ജനറൽ ആശുപത്രി ജങ്ഷന് മുതല്‍ കൊട്ടാരമറ്റം വരെ നിരവധി തൂണുകളില്‍ പാലമായി തീര്‍ക്കുന്ന റോഡിന്റെ നിര്‍മാണ പ്രവൃത്തികളാണ് വൈകുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നിര്‍മാണോദ്ഘാടനം നടക്കുകയും പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പണി ആരംഭിക്കുകയും ചെയ്തതാണ് പദ്ധതി.
മീനച്ചിലാറിന്റെ തീരത്ത് ഒരുകിലോമീറ്ററുള്ള വലിയപാലമാണ് പണിതീര്‍ക്കുന്നത്. നിര്‍മാണപ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും കൊട്ടാരമറ്റത്തും ജനറൽ ആശുപത്രി ജങ്ഷന് സമീപത്തും അനുബന്ധ റോഡുകള്‍ പണിയാൻ ഇനിയും നടപടി തുടങ്ങിയിട്ടില്ല. അവസാനഘട്ട നിര്‍മാണപ്രവൃത്തികള്‍ അനിശ്ചതാവസ്ഥയിലാണ്. ഇവിടെ സ്വകാര്യവ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം റവന്യൂ ഭൂമിയെന്ന് കണക്കാക്കി നിര്‍മാണം നടത്തിയപ്പോള്‍ സ്ഥലമുടമ എതിര്‍പ്പുമായെത്തിയിരുന്നു. സ്ഥലം ഏറ്റെടുത്തപ്പോള്‍ റവന്യൂ വകുപ്പ് അധികൃതർക്കുണ്ടായ പാളിച്ചയാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. ഇതുമൂലം ഈ ഭാഗത്ത് നിര്‍മാണം മുടങ്ങി.
പാലാ ടൗണില്‍ മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റം വരെ നീട്ടുന്നതിനാണ് പദ്ധതി. പാലാ-ഏറ്റുമാനൂര്‍ റോഡിന് സമാന്തരമായാണ് റിവര്‍വ്യൂ റോഡ്. ളാലം ജങ്ഷന് മുതല്‍ ജനറൽ ആശുപത്രി ജങ്ഷന് വരെയാണ് നിലവില്‍ റോഡുള്ളത്. ഇവിടെ മുതല്‍ കൊട്ടാരമറ്റം വരെ റോഡ് ദീര്‍ഘിപ്പിക്കുന്നതോടെ പാലാ ടൗണില്‍ സമാന്തരപാതയുണ്ടാകും. മീനച്ചിലാറിന്റെ തീരത്തുകൂടി 150ല്‍പരം തൂണുകള്‍ തീര്‍ത്താണ് പാലം. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ടായിരിക്കും. നടപ്പാത ആറ്റിലേക്ക് തള്ളിനിൽക്കും.
കൊട്ടാരമറ്റത്ത് 100 അടി വീതിയില്‍ പ്രവേശന കവാടവുമുണ്ടായിരിക്കും. റിവര്‍വ്യൂ റോഡ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ ഗതാഗതത്തിരക്ക് പൂര്‍ണമായും നിയന്ത്രിക്കാനാകും. നഗരത്തിനുള്ളില്‍ പ്രവേശിക്കാതെ തന്നെ വാഹനങ്ങള്‍ക്ക് ളാലം ജങ്ഷനില്‍നിന്ന് കൊട്ടാരമറ്റത്തെത്താം. കൊട്ടാരമറ്റം മുതല്‍ ആശുപത്രി ജങ്ഷന് വരെ പൂര്‍ണമായും വണ്‍വേ സംവിധാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടാനും സാധിക്കും. എന്നാല്‍, മീനച്ചിലാറിന്റെ തീരത്തുകൂടി പാലങ്ങള്‍ പണിതീര്‍ത്തത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്കയുമുണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.