ജയൻ
പാലാ: ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ ആൾ എക്സൈസ് പട്രോളിങ്ങിനിടെ പിടിയിൽ. നിരവധി ക്രിമിനൽ-നാർക്കോട്ടിക് കേസുകളിൽ പ്രതിയായ കെഴുവംകുളം വലിയപറമ്പിൽ പാണ്ടി ജയൻ എന്ന വി.ആർ. ജയനാണ് (46) അറസ്റ്റിലായത്. 55 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ജയൻ കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും ബൈക്കിൽ കറങ്ങി നടന്ന് വിൽപന നടത്തി വരികയായിയിരുന്നു. കടപ്പാട്ടൂർ ഭാഗത്ത് പട്രോളിങ്ങിനിടെ ജയനെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടതോടെ നടത്തിയ പരിശോധനയിൽ ബൈക്കിന്റെ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 28ന് മുത്തോലി ഭാഗത്ത് വില്പനക്ക് എത്തിച്ച 30 ഗ്രാം കഞ്ചാവുമായും, ഫെബ്രുവരി 20ന് മോനിപ്പള്ളി ഭാഗത്ത് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വിൽപന സജീവമായി തുടരുകയായിരുന്നു. ചെറിയ അളവിൽ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ ജാമ്യം കിട്ടും എന്നതിനാൽ ഇയാൾ കൂടിയ അളവിൽ കഞ്ചാവ് കൈവശം വെക്കാറില്ല. 500 രൂപയുടെ പാക്കറ്റുകളാക്കിയാണ് വില്പന നടത്തിവന്നിരുന്നത്.
പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ്. ബി, അസി. എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ. കെ.വി, പ്രിവന്റീവ് ഓഫിസർ മനു ചെറിയാൻ, വനിത സിവിൽ എക്സൈസ് ഓഫിസർ പ്രിയ കെ. ദിവാകരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അക്ഷയ് കുമാര്‍. എം, ഹരികൃഷ്ണൻ. വി, അനന്തു. ആർ, ധനുരാജ്. പി.സി, സിവിൽ എക്സൈസ് ഡ്രൈവർ സുരേഷ് ബാബു. വി.ആർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.