കോട്ടയം: തെരഞ്ഞെടുപ്പ് തീയതി അടുക്കുംതോറും പുതുപ്പള്ളിയിലെ സ്ഥാനാർഥികൾ ആവേശത്തിലാണ്. ചെല്ലുന്നിടത്തെല്ലാം സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനക്കൂട്ടമാണ് മൂന്നു മുന്നണികളുടെ സ്ഥാനാർഥികളെയും സ്വീകരിക്കാനെത്തുന്നത്. എല്ലാവരെയും ചേർത്തുനിർത്തിയും കുശലം പറഞ്ഞും ഫോട്ടോയെടുത്തുമാണ് സ്ഥാനാർഥികൾ മടങ്ങുന്നത്.
ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ആരംഭിച്ചത് കൂരോപ്പടയിലെ പുതുവയലിൽനിന്നാണ്. മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. പുതുവൽ കോത്തല കോളനിയിൽ വീടുകളിൽ എത്തി വോട്ട് ചോദിച്ചു. കോത്തല എസ്.എൻ.എസ് ഹൈസ്കൂളിൽ ഓണാഘോഷത്തിൽ പങ്കെടുത്തു. ആറാട്ടുകവല, പറയൻ കുന്ന്, നടപ്പീടിക, പാനാപ്പള്ളി, ഇടക്കാട്ടുകുന്ന്, മാടപ്പാട്ട് പാലത്തിങ്കൽ പടി, കാവനാട്, വഴി ആനിവയലിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലുമണി. കൂരോപ്പട കവലയിലാണ് പര്യടനം അവസാനിച്ചത്.
മണർകാട് പഞ്ചായത്തിലും അയർക്കുന്നം പഞ്ചായത്തിലുമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ വാഹന പര്യടനം. മണർകാട് പൊടിമറ്റത്ത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു.
അരീപ്പറമ്പിലും വയലാട്ടു മറ്റത്തും പണിക്കമറ്റത്തും സ്വീകരണം ഏറ്റുവാങ്ങിയാണ് ശങ്കരശ്ശേരിയിൽ എത്തിയത്. വെണ്ണാശ്ശേരി, പുളിമൂട് കവല, തകിടി എന്നിവിടങ്ങളിൽ ഉച്ചവെയിലിനെ തോൽപിച്ചും ആളുകൾ കാത്തുനിന്നു. ഉച്ചക്കുശേഷം ചിത്തിരം പടിയിലെത്തി. തുടർന്ന് മണർകാട് പള്ളി കവലയിലും കാവുംപടിയിലും പര്യടനം. ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ച് അടുത്ത സ്ഥലത്തേക്ക്.
അമയന്നൂർ, പാറപ്പുറം, നീറിക്കാട്, പൂവത്തിൻമൂട് എന്നിവിടങ്ങളിലേത്തുമ്പോൾ ഇരുട്ടിയിരുന്നു. മണര്‍കാട് പഞ്ചായത്തിലെ വോട്ടര്‍മാരെ നേരിൽ കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ എൻ.ഡി.എ സ്ഥാനാര്‍ഥി ലിജിൻലാലിനൊപ്പം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻകൂടി എത്തിയിരുന്നു. ഉച്ചവരെ മണര്‍കാട് പഞ്ചായത്തിലായിരുന്നു സന്ദര്‍ശനം.
പാമ്പാടി വിമലാംബിക സീനിയര്‍ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ ചടങ്ങിലും പങ്കെടുത്തു.
വൈകീട്ട് നാലോടെ അയർക്കുന്നം പഞ്ചായത്തിലെത്തി. ലിജിൻ ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
പുതുപ്പള്ളി: ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്. വാഹന പ്രചാരണ ജാഥക്ക് ശനിയാഴ്ച തുടക്കമാകും. രാവിലെ 9.30ന് അയർക്കുന്നം മില്ലേനിയം കോംപ്ലക്സിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് വിൽസൻ മാത്യു അധ്യക്ഷതവഹിക്കും. വാഹനജാഥ ദേശീയ സെക്രട്ടറി പി.സി. സിറിയക് ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വാഹനജാഥ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.