കോട്ടയം: ചെറിയ പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നഗരത്തിലെ വ്യാപാര മേഖലയിൽ തിരക്കേറുന്നു. പുതുവസ്ത്രങ്ങൾ വിപണിയിൽനിന്ന് ആളുകൾ വാങ്ങുന്ന തിരക്ക് ദിനംപ്രതി വർധിച്ചുവരുകയാണ്. പകൽ അനുഭവപ്പെടുന്ന കനത്ത ചൂടിനെ തുടർന്ന് സന്ധ്യയാകുന്നതോടെയാണ് കടകളിലേക്ക് ആളുകളെത്തുന്നത്.
റമദാൻ അവസാന പാദമായതോടെ നഗരത്തിൽ പെരുന്നാൾ വിപണി സജീവമായി. വസ്ത്ര വിപണിയിലാണ് തിരക്ക് അധികവും. ഫാൻസി, ഫുഡ്വെയർ, ഗൃഹോപകരണ ഷോറൂമുകളിലും തിരക്കുണ്ട്. പുത്തൻ ട്രെൻഡിനൊപ്പമുള്ള വസ്ത്രങ്ങളിറക്കി കച്ചവടത്തിൽ മുന്നേറുകയാണ് വസ്ത്ര വ്യാപാരികൾ.
പതിവുപോലെ മുൻവർഷത്തെ അപേക്ഷിച്ച് മാറിവരുന്ന ഫാഷൻ സങ്കൽപത്തിനനുസരിച്ചാണ് വസ്ത്രവിപണിയിൽ പുത്തൻ വസ്ത്രങ്ങളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിവില കൊടുക്കണം വസ്ത്രങ്ങൾക്ക്. പെൺകുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾക്കാണ് വില കൂടുതൽ.
കുട്ടികളുടെ വസ്ത്രങ്ങൾക്കും വിലവർധനവ് ഉണ്ടായിട്ടുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ ഓഫറുകളും സമ്മാന പദ്ധതികളും നഗരത്തിലെ മിക്ക കടകളിലും ഒരുക്കിയിട്ടുണ്ട്. രാത്രിയിൽ കൂടുതലും എത്തുന്നതിനാൽ കടയുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇഫ്താറും തറാവീഹ് നമസ്കാരവും കഴിഞ്ഞും കടകളിൽ തിരക്ക് സജീവമാണ്. ഈസ്റ്ററിനെ തുടർന്ന് എത്തുന്ന ചെറിയ പെരുന്നാളും വിഷുവും വിപണിയിൽ പുത്തൻ ഉണർവായെന്ന് വ്യാപാരികൾ പറയുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും യുവാക്കൾക്കും ട്രെൻഡിനനുസരിച്ചുള്ള പുത്തൻ വസ്ത്രങ്ങൾ കൂടാതെ ചെരിപ്പുകളും വിവിധതരം ഫാൻസി ആഭരണങ്ങൾ, മൈലാഞ്ചി തുടങ്ങിയവയും നഗരത്തിലെ വിവിധ വിപണിയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.