കോട്ടയം: നിലപാടുകളിലെ കാർക്കശ്യവും മാനുഷിക മൂല്യങ്ങളിലെ സൗമ്യതയും കാത്തുസൂക്ഷിച്ച കർമയോഗിയായിരുന്നു ബസേലിയോസ് മാർത്തോമ പൗലോസ് കാതോലിക്ക ബാവ. സ്നേഹനിധിയായ വലിയ ഇടയൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രോഗികളെ സംരക്ഷിക്കുന്നതിനായിരുന്നു എന്നും മുൻഗണന നൽകിയത്. പ്രത്യേകിച്ച് അർബുദബാധിതരെ. അവർക്കായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. സഭയുടെ ആശുപത്രികളിലെല്ലാം ഇതിനുള്ള സംവിധാനം ഏർപ്പെടുത്തി. ഒടുവിൽ ബാവയും അർബുദബാധിതനായി ഒന്നരവർഷത്തോളം ചികിത്സയിലായിരുന്നു.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിൽക്കണ്ട് സഹായങ്ങള്‍ക്കായി എത്തുന്നവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കിയിരുന്നില്ല. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് വേണ്ടതെല്ലാം ചെയ്യണമെന്നായിരുന്നു ഓഫിസിലുള്ളവർക്ക് നൽകിയിരുന്ന നിർദേശം. നിർധന കര്‍ഷക കുടുംബത്തില്‍ ജനിച്ച ബാവക്ക് സാധാരണക്കാരെൻറ പ്രയാസങ്ങളും വേദനകളും വേഗം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.
തെൻറ പക്കലുള്ള പണം സഭയുടേതാണെന്നും അത് സഭയുടെ നന്മക്കും മനുഷ്യരുടെ ആവശ്യങ്ങള്‍ പൂര്ത്തീകരിക്കുന്നതിനുമാണെന്ന വീക്ഷണമായിരുന്നു അദ്ദേഹത്തിന്. അനാഥരോട് അദ്ദേഹം കാണിക്കുന്ന കരുതല്‍ ആരെയും അമ്പരപ്പിക്കും. സെറിബ്രല്‍ പാള്‍സി ബാധിച്ച കോഴിക്കോട് സ്വദേശി അനുഗ്രഹിെൻറയും സഹപാഠി ബിസ്മിയുടെയും അപൂര്‍വ സൗഹൃദത്തിെൻറ കഥ വായിച്ചറിഞ്ഞ ബാവ അവരെ കാണാന്‍ പോയതും സഹായം നല്‍കിയതുമെല്ലാം കരുതലിെൻറ ഉദാഹരണങ്ങളിൽ ചിലതുമാത്രം. എല്ലാ വര്‍ഷവും ജാതിമതഭേദമന്യേ 600ല്‍പരം വിദ്യാർഥികള്‍ക്ക് നല്‍കിവരുന്ന 70 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ് വിദ്യാർഥികളോടുള്ള കരുതലിെൻറ അടയാളമാണ്. കൊല്ലം നല്ലിലയില്‍ ആശുപത്രിയുടെ മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്ത റോജി റോയി എന്ന പെണ്‍കുട്ടിയുടെ ബധിരരും മൂകരുമായ മാതാപിതാക്കളുടെ ആജീവനാന്ത സംരക്ഷണത്തിനായി ഐക്കണ്‍ ചാരിറ്റീസിെൻറ സഹകരണത്തോടെ ബാങ്കില്‍ 16 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയതും അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ്.
ബാവ മുന്‍കൈയെടുത്ത് ആരംഭിച്ചതാണ് സ്നേഹസ്പര്‍ശം കാന്‍സര്‍ കെയർ പദ്ധതി. അർബുദ ബാധിതരുടെ പരിപാലനത്തിനായി ആരംഭിച്ച ഈ പദ്ധതിയിലൂടെ പ്രതിവർഷം നൂറിൽപരം ആളുകൾക്ക് സഹായം ലഭിക്കുന്നുണ്ട്. ഡയാലിസിസ് ആൻഡ് ലിവർ ട്രാൻസ്പ്ലാേൻറഷൻ പദ്ധതിയായ സഹായ ഹസ്തത്തിലൂടെ നിരവധി രോഗികൾക്ക് സഹായം എത്തിക്കുന്നു. സാമ്പത്തിക പ്രയാസം നേരിടുന്നു സഭയിലെ വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ച സഭാംഗങ്ങളുടെ നിർധന കുടുംബങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തു. സഭയുടെ മേൽനോട്ടത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കായി ഒട്ടനവധി പദ്ധതികളും ആവിഷ്കരിച്ചിരുന്നു.
ബാവയുടെ 11 വർഷത്തെ ഭരണകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. പാത്രിയാർക്കീസ് വിഭാഗവുമായുള്ള തർക്കം സഭയുടെ സമാധാനത്തെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു. സഭയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹത്തില്‍ അടിയുറച്ചുനിന്ന സഭാ തലവനായിരുന്നു അദ്ദേഹം.
സുദീര്‍ഘമായിരുന്ന നിയമയുദ്ധത്തിന് അന്ത്യം കുറിച്ച് 2017 ജൂലൈ മൂന്നിനാണ് സുപ്രീംകോടതിയില്‍നിന്ന് നിര്‍ണായക വിധി ഉണ്ടായത്. നിയമപോരാട്ടങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭയെ മുന്നില്‍നിന്ന് നയിച്ചത് കാതോലിക്ക ബാവയാണ്. സഭയിലെ ഇരുവിഭാഗവും യോജിക്കണമെന്ന അദ്ദേഹത്തിെൻറ ആഗ്രഹം പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കാണാൻ സാധിച്ചില്ല. വ്യവഹാരരഹിതമായ മലങ്കരസഭ എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അതിന് പല വിമര്‍ശനങ്ങളും പ്രയാസങ്ങളും നേരിടേണ്ടിവന്നു. വരിക്കോലി പള്ളിയില്‍ ആരാധനക്ക് എത്തിയ കാതോലിക്ക ബാവയെ എട്ടുമണിക്കൂര്‍ പാത്രിയാർക്കീസ് വിഭാഗം തടഞ്ഞുവെച്ചു. എങ്കിലും മലങ്കര സഭയെ വീണ്ടുമൊരു വ്യവഹാരത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ തക്ക നിലപാട് ബാവ അന്ത്യം വരെയും മുറുകെപ്പിടിച്ചു. വ്യവസ്ഥാപിതമായ സഭ ഭരണത്തിൽനിന്ന് അകന്നുപോയിരുന്ന ഏതാനും പള്ളികൾ മലങ്കര സഭയുടെ 1934ലെ ഭരണഘടനക്ക് കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.